ഭരണ സംവിധാനത്തെ ജനങ്ങളുടെ അടുത്തെത്തിക്കുക ലക്ഷ്യം: മന്ത്രി ഇ. ചന്ദ്രശേഖരന്‍
ഭരണ സംവിധാനത്തെ ജനങ്ങളുടെ അടുത്തെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. പുതുതായി രൂപീകരിച്ച ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 21 റവന്യൂ ഡിവിഷനുകളെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നുള്ളൂ. കൂടുതല്‍ റവന്യൂ ഡിവിഷനുകള്‍ എന്നത് ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ആവശ്യമാണ്. ഈ ആവശ്യം പരിഗണിച്ചാണ് 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 6 റവന്യൂ ഡിവിഷനുകള്‍ക്ക് ഒരുമിച്ച് അനുവദിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഭരണ നടപടിയുണ്ടാകുന്നതെന്നും് അദ്ദേഹം പറഞ്ഞു.
ഭൂമി സംബന്ധിച്ചുള്ള അധികാരങ്ങള്‍ മാത്രമല്ല മജിസ്റ്റീരിയല്‍ അധികാരങ്ങളുമുള്ള ഓഫീസാണ് റവന്യൂ ഡിവിഷന്‍. വയോജനങ്ങളുടെ പ്രശ്ന പരിഹാരങ്ങള്‍ക്കും ഭക്ഷ്യസുരക്ഷയ്ക്കും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ റവന്യൂ ഡിവിഷന്‍റെ സേവനം പ്രയോജനപ്പെടും. തദേശ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സഹായവും ഇടപെലും ഇതിന് പ്രധാനമാണ്. ഈ സര്‍ക്കാര്‍ രണ്ടുവര്‍ഷം കൊണ്ട് നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ പോകുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ നാളത്തെ തലമുറയ്ക്ക് അനുഭവവേദ്യമാകുന്നവയാണ്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പില്‍ 254 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയുടെ ദ്വിഭാഷ വെബ്സൈറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അദ്ധ്യക്ഷനായി. ഇ- ഓഫീസ് ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. ലതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ ബി.ഡി. ദേവസ്സി, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, മുന്‍ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, മുന്‍ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ. മനോജ്കുമാര്‍, കെ.കെ. സതീശന്‍, എം.ആര്‍. ഷാജു, ഫിലോമിന ജോയ്, എ.ജി.പി. പി.ജെ. ജോബി, അസിസ്റ്റന്‍റ് കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ്, മാത്യുപോള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാകളക്ടര്‍ ഡോ. എ കൗശിഗന്‍ സ്വാഗതവും ഇരിങ്ങാലക്കുട ആര്‍.ഡി.ഒ. ഡോ. എം.സി. റെജില്‍ നന്ദിയും പറഞ്ഞു.
കുന്നംകുളത്ത് ജാഗ്രതോല്‍സവം
ആരോഗ്യ ജാഗ്രത പരിപാടികളുടെ ഭാഗമായി കുന്നംകുളം നഗരസഭ പരിശീലന പരിപാടി സംഘടിപ്പിച്ചു. പകര്‍ച്ചാവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡുകളെ പ്രതിനിധീകരിച്ച് 200 ലേറെ വളണ്ടിയര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീതാരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.ആര്‍ സ്റ്റാന്‍ലി, ജിതേഷ്ഖാന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍, കെ.കെ.മുരളി, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍മാരായ സൗമ്യഅനില്‍, ജി.നികേഷ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.എസ്. ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments