കേരള ബാങ്കിലൂടെ സഹകരണ മേഖലയെ ശക്തിപ്പെടുത്തും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പുത്തന്‍ തലമുറ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളും ഇടപാടുകാര്‍ക്ക് നല്‍കുന്ന എല്ലാ ആധുനിക സംവിധാനങ്ങളും കേരളബാങ്കിന്‍റെ ഇടപാടുകാര്‍ക്ക് ലഭ്യമാക്കികൊണ്ട് സഹകരണ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കേരള ബാങ്ക് ആരംഭിക്കുമെന്ന് സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാട്ടിലെ നിക്ഷേപം നമ്മുടെ നാടിന്‍റെ വികസനത്തിനു തന്നെ ഉപയോഗപ്രദമാകണം എന്ന കാഴ്ചപാടാണ് കേരള ബാങ്ക് ഉയര്‍ത്തിപ്പിടിക്കുന്നത്. താന്ന്യം പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് പെരിങ്ങോട്ടുകര ബ്രാഞ്ചിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്തി.
പല ദേശസാത്കൃത ബാങ്കുളും ഉപഭോക്താക്കളെ പകല്‍ക്കൊള്ള ചെയ്യുകയാണ്. അമിത സര്‍വ്വീസ് ചാര്‍ജ്ജുകളാണ് ഇത്തരം ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്നത്. ഇതിനെപ്പറ്റി അറിഞ്ഞിട്ടും യുവാക്കള്‍ ദേശസാത്കൃത ബാങ്കുകളെ ആശ്രയിക്കുന്നതിന്‍റെ പ്രധാന കാരണം ആധുനിക സൗകര്യങ്ങളോടുകൂടിയ ബാങ്കിങ്ക് എന്നതാണ്. ഒന്നര ലക്ഷം കോടിയോളം രൂപ വിദേശ മലയാളികളുടെ നിക്ഷേപമായി സ്വകാര്യ, ദേശസാത്കൃത ബാങ്കുകളിലുണ്ട്. ഇതില്‍ 50 ശതമാനം നിക്ഷേപമെങ്കിലും സഹകരണ ബാങ്കുകളിലേക്ക് എത്തിക്കാന്‍ സാധിക്കണം. ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കി എന്‍ ആര്‍ ഐ നിക്ഷേപകരേയും യുവ നിക്ഷേപകരേയും സഹകരണ ബാങ്കുകളുടെ നിക്ഷേപകരാക്കി മാറ്റേണ്ടതുണ്ട്. കേരള ബാങ്കിന്‍റെ ശാക്തീകരണം കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ ശാക്തീകരണമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാഭത്തിലുപരി സമൂഹത്തിന്‍റെ ഉയര്‍ച്ചയാണ് സഹകരണ മേഖലയുടെ ലക്ഷ്യമെന്ന് നീതി ലാബിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ജനങ്ങളുടെ ആവശ്യത്തിനു തന്നെ വിനിമയം ചെയ്തുകൊണ്ട് നാട്ടില്‍ വികസനം ഉണ്ടാക്കുന്നത് സഹകരണ ബാങ്കുകളാണ്. രാജ്യത്തെ ജനങ്ങള്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്നത് സഹകരണ ബാങ്കുകളിലാണെന്നും കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഏതൊരു സ്വകാര്യ ബാങ്കുകളോടും കിടപിടിക്കാവുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- Log in to post comments