ആരോഗ്യ സംരക്ഷണത്തിന് ഔഷധ പുല്‍പ്പായ
ആരോഗ്യ സംസ്കാരം വീണ്ടെടുക്കാനും പ്രകൃതിയിലേക്ക് മടങ്ങാനുമുള്ള സന്ദേശവുമായി 'സമഗ്ര' മേളയില്‍ കിള്ളിമംഗലം പുല്‍പ്പായ നെയ്ത്ത് വ്യവസായ സഹകരണസംഘം. ആരോഗ്യ സംരക്ഷണത്തിനായി തനതായ രീതിയില്‍ തയ്യാറാക്കിയ വിവിധയിനം പുല്‍പ്പായകളുടെ പ്രദര്‍ശനവും വിപണനവുമാണ് മേളയിലുള്ളത്. പുല്ലുകളും ചെടികളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇത്തരം പുല്‍പ്പായയ്ക്ക് 2006 ല്‍ യുനെസ്കോ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചിത്രപ്പണികളാല്‍ ആകര്‍ഷകമായ പൂല്പ്പായ അഞ്ചുദിവസം കൊണ്ടാണ് നിര്‍മ്മിക്കുന്നത്.
പതിമുഖം ചേര്‍ത്ത് ചുവപ്പും വെറ്റില ചേര്‍ത്ത് പച്ചയും ചെളി ഉപയോഗിച്ച് കറുപ്പും ഇവയുടെ ചേരുവകള്‍ ഉപയോഗിച്ച് മറ്റു നിറങ്ങളും നല്കുന്നു. വിവിധ വലിപ്പത്തിലുള്ള പുല്പ്പായകള് ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. കായലോരങ്ങള്‍, നദീതീരങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന മാഞ്ചിപ്പുല്ല് (കോറപ്പുല്ല്) ഓരോ ഇഴയും അടുക്കി വച്ച് കോട്ടണ്‍ നൈലോണ്‍ നൂലുകളുപയോഗിച്ച് പാവിട്ട് അരികുകള്‍ കെട്ടിയൊതുക്കി തറിയിലാണ് പുല്‍പ്പായ നെയ്തെടുക്കുന്നത്. ചിറ്റൂര്‍ പ്രദേശത്തുനിന്നാണ് പുല്ലുകള്‍ ശേഖരിക്കുന്നത്. 350 രൂപ മുതല്‍ 3500 രൂപ വരെ വിലയുള്ള പുല്‍പ്പായക്ക് വിദേശത്തുനിന്നുപോലും ആവശ്യക്കാരേറെയാണ്. വാതം, കൈകാല്‍ തരിപ്പ്, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കു പരിഹാരമാണ് ഔഷധ പുല്‍പ്പായ.
- Log in to post comments