Skip to main content

മരിക്കാന്‍ അനുവദിക്കണമെന്ന ട്രാന്‍സ്ജെന്‍ഡറുടെ കത്ത് : തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്

പട്ടിണി കിടന്ന് മടുത്തതിനാല്‍ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡറായ തൃപ്രയാര്‍ സ്വദേശി സുജി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം നേരിടുന്ന വെല്ലുവിളികളാണ് സുജിയുടെ അപേക്ഷയില്‍ കാണുന്നതെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.  ജന്മനാ വന്നുചേര്‍ന്ന നിര്‍ഭാഗ്യത്തിനൊപ്പം അവഹേളനം കൂടി അനുഭവിക്കേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥ ഭയനീയമാണെന്ന് കമ്മീഷന്‍ ചൂണ്ടികാട്ടി. മരണം പരിഹാരമാണെന്ന്   കരുതുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡറു കള്‍ക്കുളള ക്ഷേമപദ്ധതികളെയും മറ്റ് കര്‍മ്മപരിപാടികളെയും കുറിച്ച് സാമൂഹിക നീതിവകുപ്പ് ഡയറക്ടറോടും കമ്മീഷന്‍ വിശദീകരണം തേടി.
    1989-ല്‍ ബി.എസ്.സി നഴ്സിംഗ് ബിരുദം നേടി പല സ്ഥലത്തും ജോലിക്ക് അലഞ്ഞെങ്കിലും ജോലി ലഭിച്ചില്ലെന്നും മാതാപിതാക്കളുടെ മരണത്തോടെ ട്രാന്‍സ്ജെന്‍ഡര്‍ ആയതിനാല്‍ സഹോദരങ്ങള്‍ ഒറ്റപ്പെടുത്തിയെന്നും സുജിയുടെ കത്തിലുണ്ട്.  ജീവിക്കാന്‍ നിവൃത്തിയില്ലാതെ മിക്കദിവസങ്ങളിലും പട്ടിണിയിലാണ്.  പി.എസ്.സിയില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. മറ്റ് മേഖലകളില്‍ നിന്നുളള അവഗണനയും ഒറ്റപ്പെടുത്തലും കാരണം മരിക്കാന്‍ അനുമതി തരണമെന്നാണ് സുജിയുടെ ആവശ്യം.  കേസ് ജൂണ്‍ 22 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

date