Skip to main content

ക്ഷീരവികസന വകുപ്പ് മികവിന്‍റെ പാതയില്‍

ജില്ലയിലെ ക്ഷീര വികസന വകുപ്പ് മികവിന്‍റെ പാതയില്‍. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ഷീര വികസന വകുപ്പിന് നടത്താന്‍  സാധിച്ചത്. ക്ഷീര വികസന വകുപ്പിന്‍റെ പ്രധാന പദ്ധതിയായ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ 6.71 കോടി രൂപ ചെലവഴിച്ചു. പദ്ധതി പ്രകാരം ഒല്ലൂക്കര, കൊടകര, ചാലക്കുടി, പഴയന്നൂര്‍ ബ്ലോക്കുകളില്‍ ഡയറി സോണ്‍ പദ്ധതി നടപ്പിലാക്കി. വെള്ളാങ്കല്ലൂര്‍, ചാഴൂര്‍ പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി ആരംഭിച്ചു. 
    തീറ്റപ്പുല്‍ വികസന പദ്ധതിയില്‍ ഒന്‍പത് വിവിധ സ്കീമുകള്‍ വഴി 83.03 ലക്ഷം രൂപ ചെലവഴിച്ചു. വിജ്ഞാന വ്യാപന ഉപദേശക പ്രവര്‍ത്തനങ്ങള്‍ക്കായി 47.44 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ക്ഷീര വികസന വിജ്ഞാപന പ്രവര്‍ത്തനങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സമ്പര്‍ക്ക പരിപാടികള്‍, ബ്ലോക്ക് ക്ഷീരോത്സവങ്ങള്‍, പാല്‍ ഗുണമേന്മാ ബോധവത്കരണം, ഉപഭോക്തൃ മുഖാമുഖം എന്നിവയും സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നല്‍കിയ ഇനത്തില്‍ 1.26 കോടി രൂപയാണ് വിതരണം ചെയ്തത്.
    വിവിധ സ്കീമുകളിലായി ക്ഷീര സഹരണ സംഘങ്ങള്‍ക്ക് 2.63 കോടി രൂപ ധനസഹായം നല്‍കി. 25.10 ലക്ഷം രൂപയാണ് ഗുണനിയന്ത്രണ ലാബിന് ധനസഹായമായി വിതരണം ചെയ്തത്.
     തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കായി 8.27 കോടി രൂപ ചെലവഴിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ 70.12 ലക്ഷം രൂപയും ചെലവഴിക്കാനായി.
 

date