നെഹ്‌റു യുവ കേന്ദ്ര സ്ഥാപക ദിനാഘോഷവും പുരസ്‌ക്കാര സമര്‍പ്പണവും നടത്തി
നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷവും ജില്ലാതല യൂത്ത് ക്ലബ് പുരസ്‌ക്കാര സമര്‍പ്പണവും പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. സാമൂഹിക മേഖലകളില്‍ പുതുതായി ഉണ്ടാകുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് യുവജന സന്നദ്ധ സംഘടനകള്‍ സജ്ജമായിരിക്കണമെന്ന് എം.പി പറഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും സംഘടനകള്‍ മുന്തിയ പരിഗണന നല്‍കണമെന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്രയുടെ ജില്ലാതല പുരസ്‌കാരം അമ്പലമാട് ഫെയ്മസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന് എം.പി സമ്മാനിച്ചു. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ഉപഹാരവും ക്ലബ്ബിന് വേണ്ടി ഭാരവാഹികളായ ഇ.കെ റഷീദ്, പി.ഷാജി പി.സുനില്‍ എന്നിവര്‍ ചേര്‍ന്ന് എം.പി യില്‍ നിന്നും ഏറ്റു വാങ്ങി.
കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ചടങ്ങില്‍ പി ഉബൈദുല്ല എം.എല്‍.എ അദ്ധ്യക്ഷനായി. പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച അയല്‍പക്ക യൂത്ത് പാര്‍ലമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന രംഗത്തെ മികവിന് മണ്ണാര്‍മല വിദ്യാപോഷിണി ഗ്രന്ഥാലയം, കിഴുപറമ്പ യങ് മെന്‍ കള്‍ച്ചറല്‍ സെന്റര്‍, കോട്ടക്കുന്ന് ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയ്ക്കുള്ള പ്രത്യേക പുരസ്‌ക്കാരങ്ങള്‍ ജില്ലാ കളക്ടര്‍ അമിത് മീണ സമ്മാനിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ് നെഹ്‌റു അനുസ്മരണ പ്രഭാഷണം നടത്തി.
നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ്, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം വേലായുധന്‍, മലപ്പുറം ഗവ. കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ മൊയ്തീന്‍കുട്ടി കല്ലറ, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ് എന്‍.സി.സി ഓഫീസര്‍ ഷുക്കൂര്‍ ഇല്ലത്തു, പി അസ്മാബി, ഇ.കെ റഷീദ്, അനില്‍ എം എം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments