ഉള്‍ക്കാഴ്ച നല്‍കുന്ന വായനയുടെ സന്ദേശമേകി ജില്ലാതല വായന പക്ഷാചരണം
നല്ല വായന വായനക്കാരന് അറിവ് പകരുന്നതും ഉള്‍ക്കാഴ്ച നല്‍കുന്നതുമായിരിക്കണമെന്ന് കവി പി.പി ശ്രീധരനുണ്ണി അഭിപ്രായപ്പെട്ടു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ യും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ കോഴിക്കാട് ബി.ഇ.എം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന ജില്ലാതല വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷരങ്ങളെ അറിഞ്ഞ് വായിക്കണം. മൂല്യവത്തായ കൃതികള്‍ വായിക്കുമ്പോള്‍ ജീവിതത്തെ അറിയാനാകും. പുസ്തക വായന ഭാവനയുടെ ലോകം വികസിതമാക്കുന്നതാകണം. അറിവ് പകരാനും മികച്ച വായന ആവശ്യമാണ്. അറിവിന്റെ വെളിച്ചം ചെറുതായ തെളിച്ചമാകരുത്. അത് സമൂഹത്തിനാകെ പ്രകാശം പകരുന്ന വെളിച്ചമാകണം-കവി പറഞ്ഞു.വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ ബി സുരേഷ് ബാബു പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ രാധാകൃഷ്ണന്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ബി.ഇ.എം സ്‌ക്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ ഡോ ടി.ഐ ജെയിംസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എന്‍ ശങ്കരന്‍ മാസ്റ്റര്‍, എസ് എസ് എ ജില്ലാ പ്രൊജകട് ഓഫീസര്‍ എം ജയകൃഷ്ണന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. എം രാജന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ ചന്ദ്രന്‍ മാസ്റ്റര്‍, സ്‌ക്കൂള്‍ പ്രില്‍സിപ്പല്‍ സിസിലി ജോണ്‍ എന്നിവര്‍ സംസാരിച്ചു
കിടപ്പിലായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി എസ്.എസ്.എ നടപ്പിലാക്കിയ കൂട്ട് കൂടാന്‍ പുസ്തക ചങ്ങാതി പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പി എന്‍ പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 മുതല്‍ ഐ വി ദാസിന്റെ ജ•ദിനമായ ജൂലൈ ഏഴു വരെയാണ് വായനാ പക്ഷാചരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി വായനയുടെ സന്ദേശം ജനങ്ങളിലേക്കും വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കുന്നതിന് വായനശാലകളിലും വിദ്യാലയങ്ങളിലും മത്സരങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ നടക്കും.
- Log in to post comments