Skip to main content

പുരോഗതിയിലൂന്നിയ നൂതന പദ്ധതികള്‍ക്ക്  ആസൂത്രണ സമിതിയുടെ അംഗീകാരം

വാര്‍ഷിക പദ്ധതിയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുളള നൂതന പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാതല വിദഗ്ധ സമിതിയുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 41 പ്രൊജക്ടുകളാണ് സമിതി അവലോകനം ചെയ്തത്. ഇതില്‍ 15 പ്രൊജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ചു. ബാക്കിയുള്ളവ ന്യൂനതകള്‍ പരിഹരിച്ച് അംഗീകാരത്തിനായി വീണ്ടും സമര്‍പ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ മേധാവികള്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. 
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ എഡ്യുകെയര്‍ പദ്ധതി, ജില്ലാ കയാക്കിംഗ് മത്സരം, ജീവതാളം, ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്, താമരശ്ശേരി ചുരത്തില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍ , അഴിയൂര്‍,നാദാപുരം പഞ്ചായത്തുകളില്‍  സ്‌കൂളുകളില്‍ ഔഷധ തോട്ടം, കട്ടിപ്പാറ, പനങ്ങാട് പഞ്ചായത്തുകളില്‍ വന്യ മൃഗങ്ങളെ തടയുന്നതിന് ഫെന്‍സിംഗ്, കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സുരക്ഷിത പാലുത്പാദനം, ഉണ്ണികുളം പഞ്ചായത്തില്‍ സിമന്റ് കട്ട നിര്‍മ്മാണം, അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ സമഗ്ര വികസന പദ്ധതി, മാനവ വികസന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണം, കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതിയിലുള്ളവര്‍ക്ക് പി.എസ്.സി കോച്ചിംഗ് എന്നീ നൂതന ആശയങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 
യോഗത്തില്‍ എ.ഡി.എം ടി.ജനില്‍ കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ കെ.എന്‍ അബ്ദുള്‍ മാലിക്, ഡി.പി.സി സര്‍ക്കാര്‍ പ്രതിനിധി പ്രൊ.പി.പി അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍  പങ്കെടുത്തു. 

date