Skip to main content

അഞ്ച് ദേവസ്വം ബോര്‍ഡുകളിലും ഏകീകൃത കാലാവധി നിശ്ചയിക്കും     സര്‍ക്കാര്‍ നിലകൊള്ളുന്നത് ഭക്തജനങ്ങള്‍ക്കൊപ്പം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാര്‍ ദശലക്ഷക്കണക്കിനു വരുന്ന ഭക്തജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അല്ലാതെ അമ്പലം വിഴുങ്ങികളോടൊപ്പമല്ലെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചില അമ്പലം വിഴുങ്ങികളും അമ്പലം കൊണ്ട് ജീവിക്കുന്നവരുമായ ചില ആളുകള്‍ക്ക് കുറച്ച് വിഷമമുണ്ടാക്കിയിട്ടുണ്ട്. അവരുടെ വിഷമം സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ല. അമ്പലങ്ങളില്‍ തങ്ങളുടെ ജീവിത ദുരിതങ്ങളും പ്രയാസങ്ങളും എല്ലാം ഇറക്കി വയ്ക്കാന്‍ വരുന്നവരാണ് ദശലക്ഷക്കണക്കിനുളള ഭക്തര്‍. സങ്കടം പറയാനാണ് അവര്‍ ക്ഷേത്രത്തില്‍ വരുന്നത്. അവര്‍ക്ക് ശാന്തിയും സമാധാനവുമാണ് ക്ഷേത്രങ്ങളില്‍ ഉണ്ടാകേണ്ടത്. ഇങ്ങനെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളോടാണ് സര്‍ക്കാരിന്റെ താല്‍പര്യം. അല്ലാതെ ക്ഷേത്രത്തിന്റെ സൗകര്യം ഉപയോഗിച്ച് ക്ഷേത്ര മുതല്‍ കൊള്ളയടിച്ച് അമ്പലം വിഴുങ്ങിക്കഴിയുന്നവരോടല്ല സര്‍ക്കാരിനു കടപ്പാടുള്ളത്, ഭക്തജനങ്ങളോടാണ്. 17 മാസം കൊണ്ടു കേരളത്തിലുണ്ടായിട്ടുള്ള വലിയ മാറ്റം പൊതുസമൂഹം കാണുന്നുണ്ട്. ഈ പൊതുസമൂഹത്തിന്റെ താല്‍പര്യമാണ് സര്‍ക്കാരിനുള്ളത്. 

നല്ല കഴിവുള്ള ഉദ്യോഗസ്ഥരാണ് ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്നത്. അവരുടെ കഴിവുകളെ ഉപയോഗിക്കാന്‍ മുന്‍ കാലങ്ങളില്‍ സാധിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഉദ്യോഗസ്ഥരുടെ കഴിവുകളെ ഉപയോഗപ്പെടുത്തി സുതാര്യവും അഴിമതി രഹിതവുമായ ഭരണം ശബരിമലയ്ക്ക് സംഭാവന ചെയ്യാനും 305 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാനും ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയുടെ പരിശുദ്ധിയും പ്രകൃതി സൗന്ദര്യവും ഉള്‍പ്പെടെ എല്ലാ നല്ല മൂല്യങ്ങളെയും സംസ്‌കൃതിയെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിന് പുതിയ ദേവസ്വം ബോര്‍ഡിനൊപ്പം സംസ്ഥാന സര്‍ക്കാരുണ്ടാകും. 

പുതിയ ദേവസ്വം ബോര്‍ഡ് ബുധനാഴ്ച ചുമതലയേറ്റു. ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ളയാളാണ് പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായും ഏറ്റവും പ്രധാന ക്ഷേത്രമായ ശബരിമലയുമായും തലമുറകളുടെ ബന്ധം പത്മകുമാറിനുണ്ട്. ഇങ്ങനെയൊരാളെ ദേവസ്വം ബോര്‍ഡിന്റെ നേതൃസ്ഥാനത്ത് അവരോധിക്കാനായി സാധിച്ചത് നല്ല കാര്യമായാണ് സര്‍ക്കാര്‍ കാണുന്നത്. പത്തനംതിട്ട ജില്ലയ്ക്കു തന്നെ ആദ്യമായി ലഭിച്ച അംഗീകാരമാണ് പത്മകുമാറിന്റെ സ്ഥാനലബ്ദി. ഇതേപോലെ സുദീര്‍ഘമായ ട്രേഡ് യൂണിയന്‍ പാരമ്പര്യമുള്ളയാളാണ് പുതിയ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്. ഏറെ പരിചയസമ്പത്തുള്ള സംസ്‌കാര സമ്പന്നനായ മാതൃകാപരമായ പൊതുജീവിതത്തിന്റെ ഉടമയാണ് കെ.പി. ശങ്കരദാസ്. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞു നിന്ന ദേവസ്വം ബോര്‍ഡിന് ഇവര്‍ മുതല്‍ക്കൂട്ടാകും. സീനിയര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായി കെ. രാഘവനുണ്ട്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണറും ദേവസ്വം ബോര്‍ഡ് സെക്രട്ടറിയും ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്മാരും അടങ്ങുന്ന ഒരു ടീം വരും നാളുകളില്‍ നടത്തുന്ന അഴിമതിരഹിതവും പക്ഷപാതരഹിതവും ഭക്തജനപ്രിയവുമായിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ എന്തെങ്കിലും പോരായ്മകള്‍ ദേവസ്വം ബോര്‍ഡില്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അതും തുടച്ചു മാറ്റി ദേവസ്വം ബോര്‍ഡിനെ ശുദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. 

തെറ്റിദ്ധാരണ ജനകമായ കാര്യങ്ങള്‍ ഇടയ്ക്ക് ഉയര്‍ന്നു വന്നിരുന്നു. വ്യക്തിപരമായ വിരോധമാണ് ഇതിനൊക്കെ കാരണമെന്നു പറഞ്ഞ്. അതൊരിക്കലുമല്ല. ഇതൊരു നയപരമായ തീരുമാനമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ള 2006 കാലഘട്ടത്തില്‍ തന്നെ നാലു വര്‍ഷക്കാലം കാലാവധിയുണ്ടായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാക്കി ചുരുക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. പിന്നീടിത് നിയമമാക്കുകയും ചെയ്തു. തുടര്‍ന്ന് 2014 ലെ സര്‍ക്കാരാണ് വീണ്ടുമൊരു ഓര്‍ഡിനന്‍സിലൂടെ മൂന്നു വര്‍ഷമാക്കി കാലാവധി വര്‍ധിപ്പിച്ചത്. കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണ് ഉള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേക്കാള്‍ കൂടുതല്‍ അമ്പലങ്ങളുള്ളതാണ് മലബാര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അത്ര സാമ്പത്തിക ശേഷി മലബാര്‍ ദേവസ്വം ബോര്‍ഡിനില്ല. പുതിയ ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടിട്ട് കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളു. ഇതിന്റേതായ ബാലാരിഷ്ടതകളുണ്ട്.

വരുന്ന നിയമസഭാ സമ്മേളനത്തില്‍ മലബാര്‍ ദേവസ്വം നിയമം സമഗ്രമായി പരിഷ്‌കരിക്കും. മലബാര്‍ ദേവസ്വം നിയമം പരിഷ്‌കരിച്ചു കഴിയുമ്പോള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പോലെയോ, അതിലധികമായോ ഉള്ള സാമ്പത്തിക ഭദ്രതയും മറ്റുമുള്ളതായി മലബാര്‍ ദേവസ്വം ബോര്‍ഡ് മാറും. 
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. കേരളത്തിലെ ലോകപ്രശസ്തമായ ക്ഷേത്രമാണ് ഗുരുവായൂര്‍ ക്ഷേത്രം. ഗുരുവായൂരിന്റെ പ്രശസ്തി ശബരിമല പോലെ തന്നെയുള്ളതാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കാലാവധിയും രണ്ടു വര്‍ഷമാണ്. കൂടല്‍ മാണിക്യം ദേവസ്വത്തിന്റെ കാലാവധിയും രണ്ട് വര്‍ഷമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇപ്പോള്‍ കാലാവധി രണ്ടു വര്‍ഷമാക്കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും സമീപഭാവിയില്‍ തന്നെ രണ്ടു വര്‍ഷമായി കാലാവധി ചുരുക്കും. കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലും ഏകീകൃതമായിട്ടുള്ള ഒരു കാലാവധി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ തയാറായിട്ടുള്ളത്. അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയോടുള്ള വിരോധമല്ല.

കഴിഞ്ഞ ദേവസ്വം ബോര്‍ഡുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അവര്‍ പറഞ്ഞിരുന്നതും അങ്ങനെയാണ്. ശബരിമല സ്ത്രീ പ്രവേശനം, ക്ഷേത്രത്തിന്റെ പേരു തന്നെ മാറ്റാന്‍ എടുത്ത തീരുമാനങ്ങള്‍ തുടങ്ങിയവയോടു യോജിക്കാന്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ സാധിച്ചിട്ടില്ല.  നല്ല സ്‌നേഹവും പരസ്പര ബഹുമാനവും നിലനിര്‍ത്തിയിരുന്നു. എന്നാല്‍, ബോര്‍ഡിന്റെ മുന്നില്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ദേവസ്വം സെക്രട്ടറിയായിരുന്ന ഒരാളെ കമ്മീഷണറാക്കി നിയമിക്കുന്നതിന് ബോര്‍ഡ് തീരുമാനമെടുത്തപ്പോള്‍, ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല, അത്തരമൊരു അഴിമതിക്കാരനല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കമ്മീഷണറായി വരേണ്ടത് എന്നറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ കമ്മീഷണര്‍ സത്യസന്ധനും നല്ല പ്രവര്‍ത്തന റിക്കാര്‍ഡുമുള്ള ആളുമായിരിക്കണമെന്ന് പറഞ്ഞ് ആ വ്യക്തിയെ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കണമെന്നും ദേവസ്വം മന്ത്രിയെന്ന നിലയില്‍ കര്‍ശന നിലപാട് സ്വീകരിച്ചു. 

നമ്മുടെ ദേവസ്വം ബോര്‍ഡുകളെ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള അതൃപ്തിയില്‍ പ്രധാനപ്പെട്ടത് ബോര്‍ഡുകളിലൊക്കെ അഴിമതി നടക്കുന്നുവെന്നതാണ്. ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്ത് അഴിമതിയുടെ കഥ പറഞ്ഞാലും പൊതുസമൂഹം വിശ്വസിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ബഹുമാനപ്പെട്ട കോടതിയുടെ നിരന്തരമായ ഇടപെടലിനു കാരണം ഇവിടെ നടമാടിയ കൊടിയ അഴിമതികളാണ്. ഇങ്ങനെയുള്ള കാര്യങ്ങളിലാണ് ഇടപെടലുകള്‍ നടത്തിയിട്ടുള്ളത്. അല്ലാതെ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും വിധത്തില്‍ പിന്നോട്ടടിക്കാന്‍ ശ്രമിച്ചിട്ടില്ല. ഐക്യകേരള പിറവിക്കു ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ശബരിമലയ്ക്ക് മാത്രമായി നോക്കിയാല്‍ പോലും ഏറ്റവും വലിയ ബജറ്റ് വിഹിതം നീക്കിവച്ച സര്‍ക്കാരാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദം പദ്ധതി അടക്കം 305 കോടി രൂപയുടെ വികസന പദ്ധതികളാണ് ശബരിമലയ്ക്കായി തയാറാക്കിയിട്ടുള്ളത്.

കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ച പണത്തിന്റെ 50 ശതമാനം പോലും ചെലവഴിക്കാന്‍ സാധിക്കാതെ പോകുന്ന സ്ഥിതിയായിരുന്നു. 2014-15, 15-16 കാലയളവില്‍ 25 കോടി വീതം അനുവദിച്ചിട്ട് 50 ശതമാനം പോലും ചെലവഴിക്കാന്‍ സാധിച്ചില്ല. ഈ വര്‍ഷം സര്‍ക്കാരിന്റെ കര്‍ശനമായ നിലപാടു മൂലം 125 ശതമാനം ചെലവഴിക്കുന്നതിന് സാധിച്ചു. 25 കോടി രൂപ അനുവദിച്ചപ്പോള്‍ 35 കോടിയില്‍ അധികം രൂപ വിനിയോഗിച്ചു. അധികമായി വന്ന 15 കോടി രൂപ എങ്ങനെ വകയിരുത്താമെന്നതു സംബന്ധിച്ച് ദേവസ്വം സെക്രട്ടറിയുമായി ആലോചിക്കും. രണ്ടുവര്‍ഷമായി നഷ്ടപ്പെട്ടു പോയ 25 കോടി രൂപ കൂടി ലഭ്യമാക്കാന്‍ എന്തു ചെയ്യാമെന്ന് പരിശോധിക്കും. സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമാത്രം 204.97 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കിഫ്ബിയില്‍ രണ്ട് പദ്ധതികള്‍ നടപ്പാക്കും. ശബരിമല, ക്ഷേത്രങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവയുടെ ആവശ്യങ്ങള്‍ക്ക് നല്ല പ്രാധാന്യം നല്‍കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇത് സര്‍ക്കാര്‍ വാക്കിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണ് തെളിയിക്കുന്നത്. കഴിഞ്ഞ തീര്‍ഥാടന കാലത്താണ് മുഖ്യമന്ത്രി ഇടത്താവളങ്ങള്‍ ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ഇതു പ്രകാരം കാസര്‍ഗോഡു മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 37 പ്രധാനപ്പെട്ട അമ്പലങ്ങള്‍ തിരഞ്ഞെടുത്തു. ഒന്‍പത് അമ്പലങ്ങളിലെ പണി ആരംഭിക്കുന്നതിനു വേണ്ടി ചില പൊതുമേഖലാ സ്ഥാപനങ്ങളുമായി കരാറും ഉണ്ടാക്കി കഴിഞ്ഞു. 10 മുതല്‍ 17 കോടി രൂപ വരെ ചെലവു വരുന്ന ഇടത്താവളങ്ങളാണിവ. ഒരു പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഒരു ക്ഷേത്രത്തിന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് അനുഭവേദ്യമാകുന്ന തരത്തിലുള്ള ഇടത്താവള നിര്‍മാണമാണ് നടക്കുന്നത്. വര്‍ഷം മുഴുവനും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഇടത്താവള നിര്‍മാണം സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറും. സന്നിധാനത്ത് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ ഗവണ്‍മെന്റ് ആശുപത്രി കെട്ടിടം 2014ല്‍ ഉദിച്ച ആശയമാണ്. 2017 വരെ ഭരണാനുമതി പോലും നല്‍കിയില്ല. ഇത് കഴിഞ്ഞ 10 മാസക്കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കി സന്നിധാനത്തു സമര്‍പ്പിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്.

ശബരിമല മണ്ഡല കാല തീര്‍ഥാടനം ഭംഗിയായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. തൃപ്തികരമായ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശബരിമലയില്‍ എത്തിച്ചേരുന്ന ദശലക്ഷക്കണിക്കിനു വരുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നല്‍കുന്നതിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

രാജു ഏബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്പര്‍മാരായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഐജിമാരായ  മനോജ് ഏബ്രഹാം, പി. വിജയന്‍, എഡിഎം അനു എസ്. നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ചന്ദ്രശേഖരന്‍ നായര്‍, ചീഫ് എന്‍ജിനിയര്‍ ശങ്കരന്‍പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു. 

date