Skip to main content

സേഫ് സോണ്‍ പദ്ധതിക്കു തുടക്കമായി 

ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഇലവുങ്കലില്‍ ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. 
തീര്‍ഥാടകരുടെ സുരക്ഷയ്ക്ക്  പ്രാധാന്യമുള്ള സേഫ് സോണ്‍ പദ്ധതി ആരോഗ്യ വകുപ്പിന് ഏറെ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിലൂടെ തീര്‍ഥാടകരുടെ വിലപ്പെട്ട ജീവനുകള്‍ സംരക്ഷിക്കാന്‍ കഴിയുന്നതോടൊപ്പം ആരോഗ്യവകുപ്പിന് തീര്‍ഥാടന കാലത്ത് അമിതഭാരം ഉണ്ടാകാതിരിക്കാനും പദ്ധതി സഹായകരമാണ്. 2010ല്‍ സേഫ് സോണ്‍ പദ്ധതി ആരംഭിച്ചതിനു ശേഷം ശബരിമല പാതകളിലെ റോഡ് അപകടങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. 

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ട്രോമാ കെയര്‍ സെന്റര്‍ ആറുമാസത്തിനകം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തന സജ്ജമാകും. ട്രോമാ കെയര്‍ സെന്റര്‍ സജ്ജീകരിക്കുന്നതിനുള്ള തുക നല്‍കുന്നത് റോഡ് സേഫ്ടി അതോറിറ്റിയാണെന്നും മന്ത്രി പറഞ്ഞു. 
ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമായ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള കാത്ത്‌ലാബ് സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ശബരിമലയ്ക്ക് ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ കാത്ത്‌ലാബ് കോട്ടയം മെഡിക്കല്‍ കോളജിലാണ്. ശബരിമലയുമായി ഏറ്റവും അടുത്ത ആശുപത്രിയെന്ന നിലയില്‍ പത്തനംതിട്ടയില്‍ കാത്ത്‌ലാബ് സജ്ജീകരിക്കുന്നത് തീര്‍ഥാടകര്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു. 

രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.സി. ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഗതാഗത കമ്മീഷണര്‍ അനില്‍കാന്ത്, ഗതാഗത-ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വാര്‍ഡ് അംഗങ്ങളായ രാജന്‍ വെട്ടിക്കല്‍, ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. 

സേഫ് സോണ്‍ പദ്ധതി 400 കിലോമീറ്റര്‍ ദൂരം റോഡിലാണ് നടപ്പാക്കുന്നത്. പമ്പ-പത്തനംതിട്ട, പമ്പ-എരുമേലി, എരുമേലി-പൊന്‍കുന്നം, എരുമേലി-മുണ്ടക്കയം, കുമളി-കോട്ടയം, കുട്ടിക്കാനം-ഏലപ്പാറ, കുമളി-കമ്പംമേട് തുടങ്ങിയ റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. പട്രോളിംഗിനായി 15 വാഹനങ്ങളും പ്രത്യേക നിരീക്ഷണത്തിനായി അഞ്ച് വാഹനങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. മകരവിളക്കിന് അധികമായി 40 വാഹനങ്ങള്‍ കൂടി സജ്ജീകരിക്കും. പ്രതിദിനം 60 ഉദ്യോഗസ്ഥരെയും 120 മെക്കാനിക്കുകളെയും 100 ഡ്രൈവര്‍മാരെയും വിന്യസിക്കും. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളുടെ മെക്കാനിക്കുകള്‍ അടങ്ങുന്ന ബ്രേയ്ക്ക് ഡൗണ്‍ ടീമുകളും സ്‌പെയര്‍പാര്‍ട്‌സ് ടൂള്‍സ് കരുതിയിട്ടുള്ള വാഹനങ്ങളും തീര്‍ഥാടക പാതകളില്‍ വിന്യസിച്ചിട്ടുണ്ട്. 40 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങളുടെ ടയറുകള്‍ ഉള്‍പ്പെടെ റോഡുകളില്‍ വച്ചു തന്നെ മാറുന്നതിനുള്ള മൊബൈല്‍ യൂണിറ്റും ക്രെയിനുകളും റിക്കവറി വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അമൃത ആശുപത്രി, ശാന്തിഗിരി മഠം എന്നിവിടങ്ങളിലെ ആംബുലന്‍സുകളും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ നിന്നുള്ള ട്രോമാ കെയര്‍ ആംബുലന്‍സും തീര്‍ഥാടകരുടെ സേവനത്തിനായി ഉണ്ടാകും. 

date