ജില്ലയുടെ ജലസംരക്ഷണം നാടാകെ ഏറ്റെടുക്കണം-മന്ത്രി വി.എസ്.സുനില്‍കുമാര്‍
ഹരിത കേരള മിഷന്റെ ഭാഗമായി നദികളുടെയും പ്രകൃതി സമ്പത്തുകളുടെയും സംരക്ഷണവും ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നാടൊന്നാകെ ഏറ്റെടുക്കണമെന്ന് കൃഷി,മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. ജൈവകലവറയായ വയനാട് വരണ്ടുണങ്ങുന്നത് കേരളത്തിനുളള മുന്നറിയിപ്പാണ്. അശാസ്ത്രീയമായ ഇടപെടലുകളും ആസൂത്രണത്തിലെ പിഴവുകളുമാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ 'നേരറിവ് നീരറിവ്' എന്ന പേരില്‍ സംഘടിപ്പിച്ച കബനി നദീതട പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയായ ജല സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, വയനാട് പ്രസ് ക്ലബ്, ജില്ലാ ഹരിത കേരള മിഷന്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയുടെ ആത്മാവായ കബനി നദിയുടെ സംരക്ഷണമാണ് വയനാട്ടില്‍ നടപ്പാക്കുന്നത്. വയനാടിന്റെ 76 ശതമാനം മേഖലയിലും വ്യാപിച്ച് കിടക്കുന്ന കബനിക്ക് ജില്ലയുടെ കാര്‍ഷിക മാനവ സംസ്‌ക്കാരവുമായി ബന്ധമുണ്ട്. ഇവിടുത്തെ ആവാസമേഖലക്കുണ്ടായ ആഘാതം കബനിയേയും ബാധിച്ചു. ഇവിടുത്തെ നദികളുടെ ഗുണഭോക്താക്കള്‍ വയനാട്ടുകാര്‍ മാത്രമല്ല. 96 ടി.എം.സി ജലമാണ് കബനി നദിയില്‍ നിന്ന് അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് ഒഴുകുന്നത്.എന്നാല്‍ ജില്ലക്ക് അര്‍ഹമായ 21 ടി.എം.സി ജലം പോലും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല. 6 ശതമാനം ജലം മാത്രമാണ് രൂക്ഷമായ ജലദൗര്‍ലഭ്യത്തിനിടയിലും വിനിയോഗിക്കാന്‍ സാധിച്ചത്. ചെറിയ ശതമാനം മഴക്കുറവില്‍ പോലും കബനിയും പോഷക നദികളും വരണ്ടുണങ്ങുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
ജില്ലയിലെ കര്‍ഷകര്‍ക്കിടയില്‍ ജൈവകൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനും ശാസ്ത്രീയ കൃഷിരീതികള്‍ പഠിപ്പിക്കാനും ഗുണമേന്‍മയുളളതും അത്യുല്‍പാദനശേഷിയുളള വിത്തിനങ്ങള്‍ വികസിപ്പിക്കുവാനും കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് കഴിയണം. പല പദ്ധതികള്‍ ഉണ്ടെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായ ഫണ്ട് വിനിയോഗത്തിന് പദ്ധതികളുടെ സംയോജനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജലസംരക്ഷണത്തിനായി സ്ഥാപിത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുളള കടലാസ് പദ്ധതികള്‍ ഇനി അംഗീകരിക്കില്ല. എന്‍.ജി.ഒ കളുടെ പ്രവര്‍ത്തനം പ്രയോജനകരമല്ലെന്നും മന്ത്രി പറഞ്ഞു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മീഡിയകള്‍ക്കാണ് കൂടുതല്‍ സഹായിക്കാനാകുകയെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ ജില്ലയിലെ നദീതടങ്ങളുടെ മാപ്പ് എം.ഐ ഷാനവാസ് എം.പി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, കല്‍പ്പറ്റ നഗരസഭാ അധ്യക്ഷ ഉമൈബ മൊയ്തീന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്‍മുഖന്‍, ദിലീപ് കുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, പ്രസ് ക്ലബ് സെക്രട്ടറി പി.ഒ ഷീജ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് വിഷയം അവതരിപ്പിച്ചു. ജനപ്രധിനിധികള്‍,ഉദ്യോഗസ്ഥര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments