ജനാധിപത്യത്തിന്റെ സുഗമമായ നിലനില്‍പ്പിന് മാധ്യമങ്ങളുടെ പങ്ക് സുപ്രധാനം: സെമിനാര്‍
കൊച്ചി: ജനാധിപത്യ സംവിധാനത്തിന്റെ സുഗമവും സുതാര്യവുമായ പ്രവര്‍ത്തനത്തിന് മാധ്യമങ്ങള്‍ വഹിക്കേണ്ട പങ്ക് സുപ്രധാനമാണെന്ന് പ്രമുഖ മാധ്യമപ്രവര്ത്തകന് വി.ആര്. രാജമോഹന്‍ പറഞ്ഞു. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിന് സമൂഹം എക്കാലത്തേക്കാളും പിന്തുണ നല്‍കേണ്ട ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമദിനാചരണത്തിന്റെ ഭാഗമായി മലയാറ്റൂര്‍ നീലീശ്വരത്ത് മുണ്ടങ്ങാമറ്റം സഹൃദയ വായനശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാജമോഹന്‍.
മാധ്യമങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്നും അതേസമയം ബാഹ്യശക്തികളില്‍ നിന്നുള്ള സമ്മര്‍ദ്ദം നേരിടുന്നില്ലെന്നും ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രസ് കൗണ്‍സില്‍ സ്ഥാപിതമായത്. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ പ്രസ് കൗണ്‍സിലിന് ചില പരിമിതികളുണ്ട്. നിലവാരത്തകര്‍ച്ച ഒഴിവാക്കാന്‍ സ്വയം നിയന്ത്രണമാണ് മാധ്യമങ്ങള്‍ പാലിക്കേണ്ടത്. മാധ്യമ വിശ്വാസ്യതയുടെ കുറവ് മാധ്യമങ്ങളെ മാത്രമല്ല ജനാധിപത്യത്തെ കൂടി പ്രതികൂലമായി ബാധിക്കും - രാജമോഹന്‍ ചൂണ്ടിക്കാട്ടി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന്, ലൈബ്രറി കൗണ്‍സില്‍ ആലുവ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, കാലടി.എസ്. മുരളീധരന്, അമ്പിളി ജഗത്സെന്, പി.പി. സുരേന്ദ്രന്, ടി.സി. ബാനു, ടി.എന്‍. ശശി എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments