ശബരിമല തീര്‍ഥാടനം : അഗ്നിരക്ഷാ വകുപ്പ് 266 ജീവനക്കാരെ വിന്യസിച്ചു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, സന്നിധാനം, നിലയ്ക്കല്‍, പ്ലാപ്പള്ളി,എരുമേലി, കാളകെട്ടി, പന്തളം എന്നിവിടങ്ങളിലായി അഗ്നിരക്ഷാ വകുപ്പിലെ 266 ജീവനക്കാരെ ആദ്യഘട്ട സേവനത്തിനായി വിന്യസിച്ചു. അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍, സ്റ്റേഷന് ഓഫീസര്‍, സ്റ്റേഷന് ഓഫീസര്‍ (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്), അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍, ലീഡിംഗ് ഫയര്മാന്, ഫയര്മാന് ഡ്രൈവര്‍, ഫയര്മാന് എന്നിങ്ങനെ എട്ട് തസ്തികകളിലായി 241 ജീവനക്കാരെയും സ്നാന ഘട്ടങ്ങളിലെ ഡ്യൂട്ടിക്കായി 25 ജീവനക്കാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് പാണ്ടിത്താവളം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, കെഎസ്ഇബി, ശരംകുത്തി, മരക്കൂട്ടം, കൊപ്രാക്കളം, സന്നിധാനം മെയിന്‍ സ്റ്റേഷന് എന്നിവിടങ്ങളിലും പമ്പയില്‍ ത്രിവേണി, ശബരി ഹോട്ടല്‍, പില്‍ഗ്രിം സെന്റര്‍, ഗണപതി കോവില്‍, ചെറിയാനവട്ടം റോഡ്, പന്തളം രാജമണ്ഡപം, പമ്പ ഫയര്‍ സ്റ്റേഷന് എന്നിവിടങ്ങളിലും നിലയ്ക്കല്‍, പ്ലാപ്പള്ളി, പന്തളം, എരുമേലി, കാളകെട്ടി, കൊച്ചുപമ്പ എന്നിവിടങ്ങളിലുമാണ് താത്ക്കാലിക ഫയര്‍ പോയിന്റുകള്‍ പ്രവര്‍ത്തിക്കുക. ജീവനക്കാരെ ആറ് ഘട്ടങ്ങളായാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 11 ദിവസമാണ് ഒരു ടീമിന് ഡ്യൂട്ടി ചെയ്യേണ്ടിവരിക. വാഹനങ്ങള്‍, ഡെലിവറി ഹോസുകള്‍, വാക്കിടോക്കികള്‍, സേഫ്റ്റി ബല്‍റ്റുകള്‍, കോണ്‍ക്രീറ്റ് കട്ടര്‍, ചെയിന്‍ സോ, വാട്ടര്‍ ജെല്‍ ബ്ലാങ്കറ്റ് തുടങ്ങി അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള എല്ലാ ഉപകരണങ്ങളും താത്ക്കാലിക ഫയര്‍ പോയിന്റുകളില്‍ ക്രമീകരിച്ചിട്ടുള്ളതായി അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. (16/17)
- Log in to post comments