അന്നദാനത്തിന് ആയിരം രൂപ നല്‍കിയാല്‍ സ്‌പെഷ്യല്‍ ദര്‍ശനം
ശബരിമല: അന്നദാന ഫണ്ടിലേക്ക് ആയിരം രൂപ സംഭാവന നല്‍കുന്നവര്‍ക്ക് പ്രത്യേക ക്യൂവിലൂടെ ദര്‍ശനം സാധ്യമാക്കുന്ന പരിപാടി വിജയമാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍ പറഞ്ഞു. സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിലൂടെ അന്നദാനത്തിന് കൂടുതല്‍ തുക സമാഹരിക്കാന്‍ കഴിയുന്നത് മികച്ച ഭക്ഷണം കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിന് സഹായകമാകും. രുചികരമായ ഭക്ഷണമാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപത്തില്‍ നല്‍കുന്നത്. സന്നിധാനത്തെ മഹാകാണിക്കയിലും അന്നദാനമണ്ഡപത്തിലും സംഭാവന നല്‍കാം. ഇവിടെ നിന്നു ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച് പ്രത്യേക ക്യൂവിലൂടെ ദര്‍ശനം നടത്താനാണ് സൗകര്യമുള്ളത്. പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് ഈ ക്യൂവിന്റെ ചുമതല നല്‍കിയിട്ടുണ്ട്. സാധാരണഗതിയിലുള്ള ദര്‍ശനത്തിന് ഒരുതരത്തിലും തടസമുണ്ടാകാത്ത വിധമാണ് ഇതിന് സൗകര്യം ചെയ്തിരിക്കുന്നത്. പമ്പയിലും സംഭാവന കൗണ്ടര്‍ താമസിയാതെ തുടങ്ങും. മൂന്ന് ലക്ഷം രൂപയാണ് അന്നദാന ഫണ്ടിലേക്ക് ഇതുവരെ സംഭാവന ലഭിച്ചത്.
മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ ഭക്തജന പ്രവാഹമാണ് കാണുന്നത്. കാണിക്കയിലും വലിയ വര്‍ധനയുണ്ടായി. ആദ്യ ദിവസങ്ങളിലെ കണക്കനുസരിച്ച് 4.34 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2.56 കോടി രൂപയാണ് ലഭിച്ചിരുന്നത്. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളില്‍ വീഴ്ചയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കുടിവെള്ളം, അടിയന്തര ചികിത്സ, കാര്‍ഡിയോളജി സെന്റര്‍, റോഡ് ശുചിത്വം എന്നിവയെല്ലാം തൃപ്തികരമാണ്. പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള ശരണപാതയിലൂടെ സഞ്ചരിച്ച് ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി. ദര്‍ശന സമയം കൂട്ടിയത് തിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ സഹായകമായിട്ടുണ്ട്. രാവിലെ മൂന്ന് മുതല്‍ രാത്രി 11 വരെ നട തുറക്കുന്നുണ്ട്. ആകെ 19 മണിക്കൂറാണ് ഇപ്പോഴത്തെ ദര്‍ശന സമയം. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ജീവനക്കാരുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സുരക്ഷിതവും സുഗമവുമായ തീര്‍ഥാടനം ഉറപ്പു വരുത്തുമെന്നും കെ.രാഘവന്‍ പറഞ്ഞു.
(പി.ആര്‍. ശബരി-30)
- Log in to post comments