കളക്ടറുടെ പൊതുജന പരാതിപരിഹാര അദാലത്ത് ഇന്ന് (നവം 18) ആറ്റിങ്ങലില്‍
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തര തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ വിഭാവനം ചെയ്ത ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പൊതുജനപരാതി പരിഹാര അദാലത്ത് ഇന്ന് (നവംബര്‍ 18) ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഠൗണ്‍ഹാളില്‍ നടക്കും.
ചിറയിന്‍കീഴ് താലുക്ക് പരിധിയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. രാവിലെ 10 മണിമുതല്‍ നടക്കുന്ന അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ടെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ അറിയിച്ചു.
പരാതികള്‍ വേദിയില്‍തന്നെ തീര്‍പ്പാക്കാനാണ് തീരുമാനം. കൂടുതല്‍ നടപടികള്‍ ആവശ്യമായവ സമയബന്ധിതമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. അവ പരിഹരിക്കപ്പെടുന്നത് കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുമെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, റീ സര്‍വേ, റേഷന്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച പരാതികള്‍, കോടതികളുടെയും കമ്മിഷനുകളുടെയും പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ അദാലത്തില്‍ പരിഗണിക്കില്ല.
അദാലത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഡോ. എ. സമ്പത്ത് എം.പി, അഡ്വ. ബി. സത്യന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം. പ്രദീപ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.പി 1895/2017)
- Log in to post comments