കണ്ടെയ്നര്‍ ലോറി പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരമായി കൊച്ചി ഗിയര്‍
കൊച്ചി: തുറമുഖത്തെ കണ്ടെയ്നര്‍ ട്രെയ്ലര് ലോറി പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരം കാണാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ജില്ലാ ഭരണകൂടം. അര്‍പ്പിത, ബി.പി.സി.എല്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്നീ പാര്‍ക്കിങ് യാര്‍ഡുകളില്‍ പാര്‍ക്കിങിനുള്ള സ്ഥലം എളുപ്പത്തില്‍ കണ്ടെത്തി ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുന്നതമാണ് കൊച്ചി ഗിയര്‍ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജീനിയോകോഡ് ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്ലിക്കേഷന്‍ രൂപം നല്‍കിയത്.
കളമശ്ശേരി മുതല്‍ വല്ലാര്‍പാടം വരെയുള്ള കണ്ടെയ്നര്‍ റോഡില്‍ അനധികൃതമായി ട്രെയിലറുകള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം അപകടങ്ങളും ഗതാഗതപ്രശ്നങ്ങളും പതിവായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ടു വരുന്ന നടപടികളുടെ ഭാഗമാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. വല്ലാര്‍പാടത്ത് ബി.പി.സി.എല്ലിന്റേതടക്കം പാര്‍ക്കിങ് യാര്‍ഡുകള്‍ നേരത്തെ പ്രവര്‍ത്തനസജ്ജമായെങ്കിലും പാര്‍ക്കിങിന് സ്ഥലം കിട്ടുന്നില്ലെന്ന പരാതിയുമായി ഇവിടേക്ക് കയറാന്‍ ട്രക്കുകള്‍ മടി കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് വളരെ ലളിതമായ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പ്രശ്നം പരിഹരിക്കാന്‍ കളക്ടര്‍ മുന്നിട്ടിറങ്ങിയത്.
ട്രെയ്ലറുകള് പാര്‍ക്കിങ് യാര്ഡുകളിലെത്താത്തതിന് കാരണം തേടി ജില്ലാ ഭരണകൂടം വിശദമായ പഠനം നടത്തിയിരുന്നു. പാര്‍ക്കിങ് യാര്‍ഡുകളെ കുറിച്ചുള്ള അറിവില്ലായ്മ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വരുന്നവര്‍ക്ക് യാര്‍ഡുകളിലേക്കുള്ള വഴി കണ്ടെത്താനുള്ള ബുദ്ധിമുട്ട്, എത്തിയാലും പാര്‍ക്കിങ് സ്ഥലം കിട്ടുമോ എന്നതിലുള്ള അനിശ്ചിതത്വം തുടങ്ങിയവയാണ് റോഡിനിരുവശവും പാര്‍ക്കിങ് നടത്താന്‍ ലോറി ഡ്രൈവര്‍മാരെ പ്രേരിപ്പിച്ചതെന്ന് പഠനത്തില്‍ വ്യക്തമായി.
കണ്ടെയ്നര്‍ പാര്‍ക്കിങ് യാര്‍ഡുകള്‍, ലഭ്യമായ പാര്‍ക്കിങ് സ്ഥലം, ട്രെയ്ലര് നില്ക്കുന്നിടത്തു നിന്നും യാര്ഡിലേക്കെത്താനുള്ള ദിശ, ദൂരം, ഏകദേശസമയം എന്നിവയെല്ലാം കൊച്ചി ഗിയറില്‍ എളുപ്പത്തില്‍ കണ്ടെത്താം. ആകര്‍ഷകമായ നിറത്തിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലുമാണ് ഇതിന്റെ രൂപകല്‍പ്പന. കൂടുതല്‍ പാര്‍ക്കിങ് സ്ഥലമുള്ള യാര്‍ഡുകളെ സൂചിപ്പിക്കാന്‍ പച്ച, കുറവ് സ്ഥലമുള്ളിടത്ത് ഓറഞ്ച്, ഒട്ടും സ്ഥലമില്ലാത്ത യാര്‍ഡുകള്‍ക്ക് ചുവപ്പ് എന്നിങ്ങനെയാണ് സൂചകനിറം നല്‍കിയിരിക്കുന്നത്. യാര്‍ഡ് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ആപ്ലിക്കേഷനില്‍ തന്നെ വളരെ എളുപ്പത്തില്‍ ഇവിടേക്കുള്ള റോഡും കണ്ടെത്താം. യാര്‍ഡില്‍ സ്ഥലം മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും. റോഡിലെ തടസങ്ങള്‍, മറ്റ് ഗതാഗതപ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും അധികം വൈകാതെ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും.
പാര്‍ക്കിങ് യാര്‍ഡ് അധികൃതരെ സംബന്ധിച്ചിടത്തോളം യാര്‍ഡിലേക്ക് ആവശ്യത്തിന് ട്രെയിലറുകള്‍ ലഭിക്കുമെന്നതാണ് ആകര്‍ഷണം. വാഹനങ്ങളെ പ്രവേശിപ്പിക്കുന്നതിന് ലളിതമായ ക്യുആര്‍ കോഡ് സ്കാനിങ് മതിയാകും. ട്രക്കുകളുടെ വലിപ്പം അനുസരിച്ച് പാര്‍ക്ക് ചെയ്ത സമയത്തിനനുസരിച്ച് എത്ര തുക ഈടാക്കണമെന്നും ആപ്ലിക്കേഷന്‍ വ്യക്തമാക്കും. ഓരോ സ്ളോട്ടിലും പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങളുടെ വിശദവിവരങ്ങളും ഡ്രൈവറുടെ പേരും യാര്‍ഡ് അധികൃതര്‍ക്ക് ആപ്ലിക്കേഷനില്‍ നിന്നും മനസിലാക്കാം. പ്രതിദിന, പ്രതിവാര, പ്രതിമാസ റിപ്പോര്‍ട്ടുകളും ആപ്ലിക്കേഷന്‍ നല്‍കും.
ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം മോട്ടോര്‍ വാഹന, പൊലീസ് വകുപ്പുകള്‍ക്കും കൊച്ചി ഗിയര്‍ ലഭ്യമാക്കും. ഒഴിവുള്ള പാര്‍ക്കിങ് സ്ളോട്ടുകളെ കുറിച്ച് അധികൃതര്‍ക്ക് കൂടി അറിവ് ലഭിക്കുന്നതോടെ ഇവിടേക്കെത്താന്‍ അവര്‍ക്കും ഡ്രൈവര്‍മാരെ പ്രേരിപ്പിക്കാനാകും.
- Log in to post comments