തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കംപ്ലയിന്റ് സെല്ലുകള്‍ രൂപീകരിക്കണം: വനിത കമ്മീഷന്‍
തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കംപ്ലയിന്റ് സെല്ലുകള്‍ രൂപീകരിക്കുകയും നിലവില്‍ ഉളള സ്ഥലങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന് വനിത കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ ഇ.എം.രാധ, അഡ്വക്കേറ്റ് ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. കോട്ടയം ഉള്‍പ്പടെ മിക്ക ജില്ലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തൊഴിലിടങ്ങളിലെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്റേണല്‍ കംപ്ലയിന്റ് സെല്ലുകള്‍ രൂപീകരിച്ചാല്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാം. തൊഴിലിടങ്ങളിലെ മാനസിക പീഡനം കുടുംബങ്ങളില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു.
കുടുംബപ്രശ്നങ്ങളില്‍ 80 ശതമാനം കേസുകളിലും ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കുന്നത് വലിയൊരു നേട്ടമായി കാണുന്നതായി കമ്മീഷന്‍ വിലയിരുത്തി. കുടുംബപ്രശ്നങ്ങളും തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും സ്വത്ത്, അതിര്‍ത്തി തര്‍ക്കങ്ങളുമാണ് പൊതുവെ അദാലത്തില്‍ പരിഗണിക്കപ്പെട്ട കേസുകളില്‍ കൂടുതലും. വിദ്യാഭ്യാസമുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്കു പോലും കുടുംബാന്തരീക്ഷത്തില്‍ മാനസിക ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് ഗൗരവതരമായ വിഷയമായി കണക്കാക്കുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു.
വൈക്കം നഗരസഭയില്‍ സര്‍വീസ് ബുക്ക് കാണാതാകുന്നത് പതിവായതുമൂലം ലീവ് എടുക്കുന്നതിനോ മറ്റ് ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതിനോ സാധിക്കുന്നില്ല എന്നതുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരി നല്‍കിയ പരാതി കമ്മീഷന്‍ പരിഗണിച്ചു. സര്‍വീസ് ബുക്ക് മാത്രമല്ല ഫോണും ബാഗും പണവും അടക്കം നഷ്ടപ്പെടുന്നത് പതിവായിട്ടും പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും പരാതിക്കാരി അറിയിച്ചു. സെക്ഷന്‍ ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുളള നടപടികള്‍ സ്വീകരിച്ചുവെന്ന് സൂപ്രണ്ട് അറിയിച്ചുവെങ്കിലും സര്‍വീസ് ബുക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല. പോലീസിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഷോകോസ് നോട്ടീസ് നല്‍കുന്നതിനാണ് കമ്മീഷന്‍ തീരുമാനിച്ചിട്ടുളളത്.
തിടനാട് സ്വദേശിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ പരാതി ഭര്‍ത്താവിന്റെ സഹോദരി മുഖത്തടിക്കുകയും രാത്രിയില്‍ ഇരട്ടക്കുട്ടികളെയും കൊണ്ട് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നതായിരുന്നു. ഈ പരാതിയില്‍ പരാതിക്കാരിയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഡിസംബര്‍ 15നു മുന്‍പ് ഒരു വാടക വീടെടുത്ത് ഇരുവരും ഒന്നിച്ചു ജീവിക്കുന്നതിനും വിവരം കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ധാരണയായി.
മാനസിക വൈകല്യമുളള മകള്‍ക്കും മകളുടെ മകള്‍ക്കും അച്ഛന്‍ കുടുംബസ്വത്ത് നല്‍കുന്നതിനെതിരെയാണ് മറ്റൊരു മകളും ഭര്‍ത്താവും കമ്മീഷനെ സമീപിച്ചത്. അച്ഛന്‍ നല്‍കാമെന്ന് പറഞ്ഞ വസ്തുവിന് ഒത്തുതീര്‍പ്പിലെത്താന്‍ മകളും ഭര്‍ത്താവും തയ്യാറായില്ല. നിയമപ്രകാരം ഇത് അച്ഛന്റെ ഇഷ്ടത്തിന് ഭാഗം ചെയ്യാവുന്നതായതിനാല്‍ കമ്മീഷന്‍ കൂടുതല്‍ നടപടികള്‍ക്ക് പരാതി വിട്ടില്ല.
മാനസിക വൈകല്യമുളള മകനെ നാലാം വിവാഹമെന്ന് മറച്ചുവെച്ച് രണ്ടാം വിവാഹം എന്ന ധാരണയില്‍ വിവാഹം കഴിപ്പിച്ചുവെന്ന് വൃദ്ധദമ്പതികള്‍ക്കെതിരായ മരുമകളുടെ പരാതിയില്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം വേണ്ടെന്നും വീട്ടില്‍ നിന്നും മാറിത്താമസിച്ചാല്‍ മതിയെന്നും പരാതിക്കാരി പറഞ്ഞ സാഹചര്യത്തില്‍ മരുമകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് കമ്മീഷന്‍ തീരുമാനിച്ചു. അഡ്വക്കേറ്റുമാരായ എം.പി.തങ്കം, ജോസ്, സേതുലക്ഷ്മി, സിന്ധു മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ മേഴ്‌സി, പ്രിയങ്ക എന്നിവര്‍ പരാതികള്‍ പരിഗണിച്ചു. അദാലത്തില്‍ 80 കേസുകള്‍ പരിഗണിച്ചതില്‍ 28 എണ്ണം പരിഹരിച്ചു. 11 കേസുകളില്‍ വിവിധ വകുപ്പുകളില്‍ നിന്നുളള റിപ്പോര്‍ട്ട് തേടി. 26 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 15 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. അടുത്ത അദാലത്ത് ഡിസംബര്‍ അവസാനത്തോടെ നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
- Log in to post comments