Skip to main content

നൂറ് പ്രബന്ധങ്ങളുടെ നിറവില്‍ മഹാരാജാസ് സെന്റിനറി പിഎച്ച്ഡി ഫീറ്റ് ഡിസംബറില്‍

    കൊച്ചി: മഹാരാജാസ് കോളേജിലെ ഗവേഷണ വകുപ്പുകള്‍ 100 പ്രബന്ധങ്ങളുടെ പൂര്‍ത്തീകരണ സമര്‍പ്പണം ആഘോഷിക്കുന്നു. വിവിധ വിഷയങ്ങളിലായി കോളേജിലെ അധ്യാപകരുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ പൂര്‍ത്തീകരിച്ച പ്രബന്ധങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെന്റിനറി പിഎച്ച്ഡി ഫീറ്റ് ഡിസംബര്‍ 11ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ മുഖ്യപ്രഭാഷണം നടത്തും.
    പ്രബന്ധങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകരെയും പ്രബന്ധങ്ങള്‍ പൂര്‍ത്തീകരിച്ച് ഗവേഷണ ബിരുദം നേടിയവരെയും ചടങ്ങില്‍ ആദരിക്കും. ഭാഷ, ശാസ്ത്രം, മാനവിക വിഷയങ്ങള്‍ എന്നീ മേഖലകളില്‍ പൂര്‍ത്തീകരിച്ച 100 പ്രബന്ധങ്ങളുടെ സംഗ്രഹവും പ്രകാശിപ്പിക്കും. മഹാരാജാസ് കോളേജ് കേന്ദ്രമാക്കി ഗവേഷണം നടത്തിയ ബിരുദധാരികളും മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകരും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ റിസര്‍ച്ച് കോ ഓഡിനേറ്ററില്‍ നിന്നും ലഭിക്കും. ഫോണ്‍ 9446892578

date