ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ സദ്ഭരണ കേന്ദ്രങ്ങളാകും
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 17 എണ്ണം ആദ്യഘട്ടത്തില്‍ സദ്ഭരണ കേന്ദ്രങ്ങളാകുന്നു. പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ നാളെ (24) നടക്കുന്ന തദ്ദേശഭ രണ സ്ഥാപനങ്ങുടെ വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.റ്റി.ജലീല്‍ സദ്ഭരണ പ്രഖ്യാപനം നടത്തും.
സേവനങ്ങള്‍ കൃത്യസമയത്ത് ക്രമപ്രകാരം ലഭ്യമാക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ട മുന്നൊരുക്കങ്ങള്‍ വിജയകരമായി നടപ്പാക്കിയ 17 പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തില്‍ സദ്ഭരണ പഞ്ചാത്തുകളായി പ്രഖ്യാപിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവ ര്‍ത്തനങ്ങള്‍ നടന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ അഴിമതിമുക്തമാക്കി ജനസൗഹൃദമാക്കുന്നതി നുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്.
പുതുക്കിയ മാനദണ്ഡപ്രകാരം സദ്ഭരണ കേന്ദ്രങ്ങളാകുന്ന ഗ്രാമപഞ്ചായത്തുകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ഫ്രണ്ട് ഓഫീസുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. വിവിധ സേവനങ്ങള്‍ക്ക് ഏകീകൃത സ്വഭാവമുള്ള അപേക്ഷാ ഫാറങ്ങളും മാനദണ്ഡവും നടപ്പാക്കും. ചെക്ക് ലിസ്റ്റുകള്‍ ഉപയോഗിച്ച് അപേക്ഷകളിലെ ന്യൂനതകള്‍ ഫ്രണ്ട് ഓഫിസുകളില്‍ വച്ചുതന്നെ പരിഹരിക്കും. സേവനം നല്‍കാമെന്ന് അറിയിച്ച തീയതിയിലോ അതിന് മുമ്പോ സേവനങ്ങള്‍ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കും. പൊതുജനങ്ങള്‍ക്ക് നല്ല ഇരിപ്പിടം, കുടിവെള്ളം, ടെലിവിഷന്‍, മാതൃകാ അപേക്ഷാ ഫോറങ്ങള്‍, വര്‍ത്തമാനപത്രങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കും.
ജനന-മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, പെര്‍മിറ്റുകള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനില്‍ ലഭ്യമാക്കും. സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കുന്നതിന് അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ്ക്ലര്‍ക്ക് എന്നിവരെ കൂടി ചുമതലപ്പെടുത്തും. ജനന-മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്ന ദിവസം തന്നെ ലഭ്യമാക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കും. ജീവനക്കാരുടെ ടേബിളിന് മുമ്പില്‍ സീറ്റ് നമ്പര്‍, പേര്, ചുമതല എന്നിവ കാണിക്കുന്ന ബോര്‍ഡ് സ്ഥാപിക്കും. നിലവിലുള്ള പൗരാവകാശ രേഖകള്‍ പരിഷ്കരിച്ച് പ്രസിദ്ധീകരിക്കും. ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും മൊബൈല്‍ നമ്പരുകളും ജീവനക്കാരുടെ ഹാജരും രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇ-ഗവേണന്‍സിന്റെ ഭാഗമായി ഇ-പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. (പിഎന്‍പി 3125/17)
- Log in to post comments