Skip to main content
നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ ജില്ലാതല ഉദ്ഘാടനം ചൈല്‍ഡ് എന്റോള്‍മെന്റ് ടാബിലൂടെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് നിര്‍വഹിക്കുന്നു. കുഞ്ഞിന്റെ അമ്മ ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ സമീപം. 

ഇനി നവജാത ശിശുക്കള്‍ക്കും ആധാര്‍; ജില്ലാതല ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു

   കളനാട് വാണിയൂര്‍ വീട്ടില്‍ ബിന്ദുവിന്റെയും ഉണ്ണികൃഷ്ണന്റെയും ആറു ദിവസം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിന് ഒരു അപൂര്‍വ്വ നേട്ടം. ജില്ലയിലെ നവജാതശിശുക്കളില്‍ ആദ്യ ആധാര്‍ സ്വന്തമാക്കുകയാണ് ഈ പെണ്‍കുഞ്ഞ്. സംസ്ഥാന ഐടി മിഷന്റെ ഭാഗമായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസിന്റെ നേതൃത്വത്തില്‍ നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് നിര്‍വഹിച്ചതോടെയാണ് ഈ അപൂര്‍വ നേട്ടത്തിന് കുഞ്ഞ് അര്‍ഹയായത്. ചൈല്‍ഡ് എന്റോള്‍മെന്റ് ടാബിലൂടെയാണ് കളക്ടര്‍ ഫോട്ടോ എടുത്തത്. കുഞ്ഞിന്റെ അമ്മയുടെ വിരലടയാളം പതിപ്പിച്ച് മറ്റുവിവരങ്ങളും ചേര്‍ത്തു. ഇതോടെയാണ് ജില്ലയില്‍ ആദ്യമായി  നവജാതശിശുക്കള്‍ക്ക് ആധാര്‍ സ്വന്തമാകുന്ന നടപടികള്‍ക്ക് തുടക്കമായത്.  
    കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ 19 കുഞ്ഞുങ്ങളുടെ ഫോട്ടോ എടുത്ത് ആധാറില്‍ എന്റോള്‍ ചെയ്തു. ഇന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും നവജാത ശിശുക്കളെ ആധാറില്‍ ചേര്‍ക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്നുള്ള സമയങ്ങളില്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആഴ്ചയില്‍ ഒരു ദിവസം ഇത്തരത്തില്‍ എന്റോള്‍ ചെയ്യും.കുഞ്ഞുങ്ങള്‍ക്ക്  ആധാര്‍ ലഭിക്കുന്നതോടെ സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരാകുമെന്നും കളക്ടര്‍ പറഞ്ഞു. 
    ജനിച്ച് 42 ദിവസംവരെ പ്രായമായ കുഞ്ഞുങ്ങള്‍ക്കാണ് ഇത്തരത്തില്‍ ആധാര്‍ നല്‍കുന്നത്. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം രക്ഷിതാക്കളുടെ ആരുടെയെങ്കിലും ആധാര്‍ വിവരങ്ങളും വിരലടയാളവും രേഖപ്പെടുത്തും. ഈ സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസായി ആധാര്‍ വിവരങ്ങള്‍ ലഭിക്കും. പിന്നീട് കുഞ്ഞിന്റെ പേരിടല്‍ കഴിഞ്ഞ് അക്ഷയ കേന്ദ്രങ്ങളിലെത്തി പേര് ചേര്‍ക്കാം. അഞ്ച് വയസുവരെ കുഞ്ഞുങ്ങളുടെ വിരലടയാളം, കൃഷ്ണമണികള്‍ ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തില്ല.
    ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ സുപ്രണ്ട് ഡോ.രാജാറാം, ആര്‍എംഒ പ്രിയ തോമസ്, ഡോ.കെ.എം. വെങ്കിടഗിരി, ഉപ്പള അക്ഷയ സംരംഭകന്‍ അബ്ദുള്‍ റസാഖ് മീഞ്ച, അക്ഷയ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സന്തോഷ്‌കുമാര്‍, ജനറല്‍ ആശുപത്രി കിയോസ്‌ക്ക് ഓപ്പറേറ്റര്‍ പി.വി.ശ്രീജ എന്നിവര്‍ പങ്കെടുത്തു. 

 

date