Skip to main content
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മെഗാ അദാലത്ത്.

വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടും അധ്യാപികയെ ജോലിയില്‍  തിരികെപ്രവേശിപ്പിച്ചില്ല; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ  സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും 

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സ്വകാര്യ സ്‌കൂള്‍ മാനേജര്‍ പുറത്താക്കിയ അധ്യാപികയെ വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചില്ല. കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ സിറ്റിംഗില്‍ അധ്യാപികയെ ജോലിയില്‍ തിരികെ എടുക്കാമെന്നും മുമ്പ് ജോലിചെയ്തവകയില്‍ ലഭിക്കുവാനുള്ള മുഴുവന്‍ തുകയും നല്‍കാമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ കമ്മീഷനോട് സമ്മതിച്ചതു വെറുംവാക്കായി. ഇതോടെ അധ്യാപികയ്ക്ക് നീതി ലഭിക്കുവാന്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുവാന്‍ ഒരുങ്ങുകയാണ് വനിതാ കമ്മീഷന്‍. മാനേജ്മെന്റിന്റെ നടപടി വളരെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്നും അധ്യാപികയ്ക്ക് നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
    ഇന്നലെ കാസര്‍കോട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ കുമ്പള പെര്‍വാഡിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയോടും ചെയര്‍മാനോടും ഹാജരാകുവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചെങ്കിലും അധ്യാപിക മാത്രമാണ് എത്തിയത്. കഴിഞ്ഞ അദാലത്തില്‍ ചെയമാന്‍ പറഞ്ഞതനുസരിച്ച് അധ്യാപിക ജോലിയില്‍ പ്രവേശിക്കുവാന്‍ എത്തിയപ്പോള്‍ ചെയര്‍മാന്‍, മാനേജര്‍, സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ലീവില്‍പോയി. അധ്യാപിക പഞ്ച് ചെയ്ത് ഓഫീസില്‍ പ്രവേശിച്ചെങ്കിലും താല്‍ക്കാലിക ചുമതലയുണ്ടായിരുന്നയാള്‍ ഇവരെ ജോലി പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. തനിക്ക് അതിന് അധികാരമില്ലെന്ന് പറഞ്ഞു അയാള്‍ ഒഴിയുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരെ വിളിച്ചെങ്കിലും അനുകൂലമായ നീലപാടല്ല അവരില്‍ നിന്നുണ്ടായതെന്നും ലഭിക്കാനുണ്ടായ ശമ്പളത്തിന്റെ ബാക്കി തുകയും നല്‍കിയില്ലെന്നും അധ്യാപിക കമ്മീഷനു മുമ്പാകെ വ്യക്തമാക്കി. ഇതോടെ ചെയര്‍മാനെയും മാനേജരെയും സെക്രട്ടറിയെയും ആര്‍ഡിഒ സി.ബിജുവിന്റെ  സാന്നിധ്യത്തില്‍ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഫോണില്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ഇതോടെയാണ് കമ്മീഷന്‍ കര്‍ശന നിലപാടുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചത്. 
    ചായ്യോത്ത് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപികയെ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വച്ച് മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് നേരിട്ടു ഹാജരാകുവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. അധ്യാപികയുടെ പരാതിയില്‍ കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിലെ ക്ലാര്‍ക്കാണ് അദാലത്തിലെത്തിയത്. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപത്തിനാണ് അധ്യാപിക പരാതി നല്‍കിയിരിക്കുന്നതെന്നും ഓഫീസര്‍തന്നെ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 

    മറ്റൊരു കേസില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഫോണിലൂടെ മറ്റൊരാളോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്ന ജോയിന്റ് ആര്‍ടിഒയുടെ പരാതി പിന്‍വലിച്ചു. തന്റെ മേലുദ്യോഗസ്ഥനായ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കമ്മീഷനുമുന്നില്‍ കുറ്റം സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പരാതി പിന്‍വലിച്ചത്. ഉദ്യോസ്ഥനെതിരെ നിയമ നടപടികളുമായി കമ്മീഷന്‍ മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചെങ്കിലും പരാതിക്കാരി പരാതി പിന്‍വലിച്ചതിനാല്‍ ഉദ്യോഗസ്ഥനെ ശക്തമായി താക്കീത് ചെയ്യുകയായിരുന്നു. 

    എട്ടുമാസം ഗര്‍ഭിണിയായ യുവതുയുമായി ആശുപത്രിയിലേക്ക് അടിയന്തരമായപോയ വാന്‍ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ കൈയേറ്റം ചെയ്ത് കേസ് എടുത്ത ആദൂര്‍ എസ്ഐക്കും പോലീസുകാരനുമെതിരെ  പരാതി പോലീസ് കംപ്ലെയിന്റ് അതോറിട്ടിയ്ക്ക് കൈമാറുവാന്‍ കമ്മീഷന്‍ തീരുമാനിച്ചു. തോട്ടത്തില്‍ ജോലിയിലായിരുന്ന ഭര്‍ത്താവ് ഗര്‍ഭിണിയായ തനിക്ക് വയ്യാതായതോടെ വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൈകാണിച്ചിട്ടും വണ്ടി നിര്‍ത്തിയില്ലെന്നും മുള്ളേരിയ ടൗണില്‍ എസ് ഐ ജീപ്പിന് മുന്നിലെത്തി തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഈ സംഭവത്തിന്റെ വീഡിയോ സിഡിയും കമ്മീഷനു കൈമാറി. ഈ സാഹചര്യത്തിലാണ് കേസ് പോലീസ് കംപ്ലെയിന്റ് അതോറിട്ടിക്ക് വിട്ടത്. 
    എക്സൈസ് എസ്ഐ അറസ്റ്റ് ചെയ്ത് ചാരായം വിറ്റുവെന്ന് കള്ളക്കേസില്‍ കുടുക്കിയെന്ന യുവതിയുടെ പരാതിയില്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടി. ബേക്കല്‍ പോലീസ് അടുത്ത അദാലത്തില്‍ സംഭവത്തിന്റെ നിജസ്ഥതി അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ചേച്ചിയുടെ മകന് 12 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് കടം നല്‍കിയ തുക തിരികെ ലഭിക്കണമെന്ന ആവശ്യവുമായെ്ത്തിയ യുവതിയുടെ പരാതി വനിതാ സെല്ലിന് കൈമാറുവാനും കമ്മീഷന്‍ തീരുമാനിച്ചു. വായ്പയായി വാങ്ങിയ 33,000 രൂപ സഹോദരിക്ക് കമ്മീഷനുമുമ്പാകെ സഹോദരന്‍ തിരിച്ചു നല്‍കി. യുവാവിനെതിരെ സഹോദരി നല്‍കിയ പരാതിയില്‍ കഴിഞ്ഞ അദാലത്തില്‍ തുകയും തിരികെ നല്‍കാമെന്ന് സമ്മതിച്ചിരുന്നു. 

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി

    ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ. ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന  അദാലത്തില്‍ മൊത്തം 45 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ എട്ടു പരാതികളില്‍ പോലീസിനോട് വിവിധ വകുപ്പുകളോടും മൂന്നു പരാതികളില്‍ ആര്‍ഡിഒ യോടും റിപ്പോര്‍ട്ട് തേടി. ഒരു കേസ് പോലീസ് കപ്ലെയിന്റ് അതോറിട്ട് കൈമാറി. 15 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. 
    ആര്‍ഡിഒ:സി.ബിജു, ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. പി.പി ശ്യാമള, അഡ്വ.എ.പി ഉഷ, വനിത പ്രൊട്ടക്ഷണ്‍ ജില്ലാ ഓഫീസര്‍ പി.സുലജ, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ ഡീന ഭരതന്‍, ആര്‍ഡിഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോര്‍ജ് ജോസഫ്, വനിതാ സെല്‍ ഉദ്യോഗസ്ഥരായ എം.എ ശാന്ത, ജയശ്രീ, തുടങ്ങിയവര്‍ മെഗാ അദാലത്തില്‍ പങ്കെടുത്തു. 

date