Skip to main content

20,000 ക്ലാസ്മുറികള്‍ ജനുവരിയില്‍ െൈഹടെക്കാക്കും

* ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 4775 സ്‌കൂളുകളില്‍ 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് 60250 ലാപ്‌ടോപ്പുകളും 43750 പ്രൊജക്ടറുകള്‍ക്കുമുള്ള സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമനുസരിച്ച് നല്‍കിക്കഴിഞ്ഞുവെന്നും കൈറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

ദേശീയതലത്തില്‍ മത്സരാധിഷ്ഠിത ടെണ്ടര്‍വഴി ലാപ്‌ടോപ്പുകള്‍ക്ക് നാല് ബ്രാന്‍ഡുകളും പ്രൊജക്ടറുകള്‍ക്ക് മൂന്നു ബ്രാന്‍ഡുകളുമാണ് ടെണ്ടറില്‍ പങ്കെടുത്തത്.  ഇതില്‍ ലാപ്‌ടോപ്പിനുള്ള ടെണ്ടര്‍ എയ്‌സര്‍ ബ്രാന്‍ഡ് ക്വാട്ട് ചെയ്ത എ.സി.എസ് ടെക്‌നോളജിസിന് 24,960/ രൂപ അടിസ്ഥാന വിലയും 18% ജി.എസ്.ടിയും എന്ന നിരക്കിലാണ് ലഭിച്ചത്.  പ്രൊജക്ടറില്‍ ബെന്‍ക്വ ബ്രാന്‍ഡ് ക്വാട്ട്  ചെയ്ത യൂണികോപ്‌സ് ടെക്‌നോളജീസിനാണ് അടിസ്ഥാന വില 17,750/ രൂപയും 18% ജി.എസ്.ടിയും എന്ന നിരക്കില്‍ ടെണ്ടര്‍ ലഭിച്ചത്. പ്രൊജക്ടറില്‍ ടെണ്ടറില്‍ രണ്ടാം സ്ഥാനത്ത് വന്ന കെല്‍ട്രോണ്‍ ഏറ്റവും കുറഞ്ഞ തുകയ്ക്ക് വിതരണം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതിനാല്‍ ടെണ്ടര്‍ നിബന്ധനകള്‍ അനുസരിച്ച് 40% ഓര്‍ഡറുകള്‍ കെല്‍ട്രോണിന് നല്‍കും.  എന്നാല്‍ ലാപ്‌ടോപ്പില്‍ വിലയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയ കമ്പനികള്‍ ഏറ്റവും കുറഞ്ഞ തുകയ്ക്ക് നല്‍കാന്‍ കഴിയില്ല എന്നറിയിച്ചിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ലാപ്‌ടോപ്പുകള്‍ക്ക് ബാറ്ററിയും, പവര്‍ അഡാപ്റ്ററും ഉള്‍പ്പെടെയും പ്രൊജക്ടറുകള്‍ക്ക് ബള്‍ബ് ഉള്‍പ്പെടെയും അഞ്ചു വര്‍ഷ പൂര്‍ണ വാറണ്ടിയോടെയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യേണ്ടത്.  ലാപ്‌ടോപ്പുകളില്‍ ഇന്റലിന്റെ കോര്‍ ഐ 3 ആറാം തലമുറയ്ക്ക് മുകളിലുള്ള പ്രോസസറാണ് വിതരണം ചെയ്യുക. 

കേരളത്തിലെ ഏറ്റവും വലിയ ഐടിയ ടെണ്ടറായ ഹൈടെക് സ്‌കൂളിന്റെ ഒന്നാംഘട്ട ടെണ്ടര്‍ രണ്ടരമാസം എന്ന റെക്കോര്‍ഡ് വേഗതയിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.  സര്‍ക്കാര്‍ നിയമിച്ച പ്രൊഫ. ജി. ജയശങ്കര്‍ ചെയര്‍മാനായ സാങ്കേതിക സമിതിയാണ് ടെണ്ടര്‍ നടപടികള്‍ക്ക് പൂര്‍ണ മേല്‍നോട്ടം വഹിച്ചത്.

493.5കോടി രൂപയുടെ കിഫ്ബി അംഗീകരിച്ച ഹൈടെക് സ്‌കൂള്‍ പ്രോജക്ടില്‍ 299.95  കോടി രൂപ ലാപ്‌ടോപ്പ്-പ്രൊജക്ടറുകള്‍ക്കുള്ളതായിരുന്നു.  എന്നാല്‍ ടെണ്ടര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം നികുതിയൊഴികെ 228.04കോടി രൂപയ്ക്കാണ് ടെണ്ടര്‍ ലഭിച്ചത്.  അതായത് കിഫ്ബി അംഗീകരിച്ച എസ്റ്റിമേറ്റില്‍ നിന്നും 71.91കോടി രൂപ (23.97%) കുറവിലാണ് ഉപകരണങ്ങള്‍ വാങ്ങുക.  പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഓരോ ലാപ്‌ടോപ്പിലും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ശരാശരി 1.5 ലക്ഷം രൂപ നല്‍കേണ്ടിവരുന്ന സോഫ്റ്റ്വെയര്‍ സഞ്ചയം പ്രീലോഡ് ചെയ്താവും നല്‍കുക.  ഈ ഇനത്തില്‍മാത്രം 900 കോടി രൂപയുടെ ലാഭം ഖജനാവിനുണ്ടാകും.

അഞ്ചുവര്‍ഷത്തെ കോംപ്രിഹെന്‍സീവ് വാറണ്ടി ഉള്ളതിനാല്‍ ഇനി സ്‌കൂളുകള്‍ക്ക് അഞ്ചുവര്‍ഷം മെയിന്റനന്‍സ് ഇനത്തില്‍ ബാധ്യത ഉണ്ടാവുകയില്ല.  പരാതി പരിഹരിക്കാനുള്ള കോള്‍സെന്റര്‍, വെബ്‌പോര്‍ട്ടല്‍ എന്നിവ കൈറ്റ് സജ്ജമാക്കും.  നിശ്ചിത സമയത്തിനകം സ്‌കൂളുകളില്‍ നിന്നുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിദിനം 100 രൂപ നിരക്കില്‍ കമ്പനികള്‍ പിഴ നല്‍കണമെന്ന് കര്‍ശന വ്യവസ്ഥയും കരാറിലുണ്ട്. 

2018 ജനുവരി മാസം 20,000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ ഇതോടെ പൂര്‍ത്തിയായെന്നും കൈറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.4982/17

date