സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യം: മുഖ്യമന്ത്രി
സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സംവിധാനം കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തില്‍ പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിന്റെ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അക്ഷയ കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അക്ഷയ വഴിയുള്ള സേവനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സംസ്ഥാനത്ത് കൂടുതല്‍ അക്ഷയ കേന്ദ്രങ്ങളെ ബാങ്കിംഗ് കിയോസ്‌കുകളാക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും വിവരസാങ്കേതികാതിഷ്ഠിത ക്രയവിക്രയം പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള പദ്ധതി ഡിസംബറില്‍ ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍, കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
ചില അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. അക്ഷയ കേന്ദ്രങ്ങളില്‍ സാങ്കേതികത്വം പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയുണ്ടാവരുത്. സേവനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും വീട്ടുപടിക്കല്‍ എത്തിക്കാന്‍ അക്ഷയയ്ക്കാവണം. കാലം മാറുന്നതിനനുസരിച്ച് അക്ഷയ കേന്ദ്രങ്ങള്‍ നവീകരിക്കപ്പെടണം. കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഇ ഗവേണന്‍സിലും കേരളത്തെ മുന്നിലെത്തിക്കാന്‍ അക്ഷയ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. എല്ലാ മലയാളികളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച സംരംഭകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കേരള പി. എസ്. സി ചെയര്‍മാന്‍ അഡ്വ. എ. കെ. സക്കീര്‍ അദ്ധ്യക്ഷത വഹിച്ചു. അക്ഷയ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു, കൗണ്‍സലര്‍ ഐ. പി. ബിനു, ബി. എസ്. എന്‍. എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി. ടി. മാത്യു, എസ്. ബി. ഐ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന്‍, ഐ. ടി. മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.4987/17
- Log in to post comments