ആവാസില്‍ അംഗങ്ങളാവുക : മന്ത്രി ടി പി രാമകൃഷ്ണന്‍
കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളേയും അംഗങ്ങളാക്കാന്‍ തൊഴിലുടമകളും തൊഴിലാളി സംഘടനകളും മുന്‍കൈയ്യെടുക്കണമെന്ന് തൊഴില്‍ നൈപുണ്യ-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളോ, തൊഴില്‍ ഉടമയോ പണം അടക്കേണ്ടതില്ലെന്നതാണ് ആവാസിന്റെ പ്രത്യേകതയെന്നും പേരും മറ്റ് വിവരങ്ങളും നല്‍കി രജിസ്ട്രര്‍ ചെയ്താല്‍ വിവിധ ആനുകൂല്യങ്ങളും തൊഴില്‍ സുരക്ഷിത്വവും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭ്യമാവും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച ആനുകൂല്യ വിതരണ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. ആവാസ് നിലവില്‍ വന്ന് നവംബറിനുളളില്‍ ഒരു ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ രജിസ്ട്രര്‍ ചെയ്തുവെന്നും ഡിസംബര്‍ അവസാനത്തോടെ അഞ്ച് ലക്ഷം പേരെ അംഗങ്ങളാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം കൂടിയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് തൊഴില്‍ മേഖലയില്‍ ആര്‍ജ്ജിച്ച സുരക്ഷിതത്വം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുമായി മുഴുവന്‍ ആളുകളും സഹകരിക്കണം മന്ത്രി അഭ്യര്‍ത്ഥിച്ചു. പതിനാറ് ക്ഷേമനിധി ബോര്‍ഡുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ എണ്ണം കുറച്ച് കൊണ്ടു വരാനാണ് സര്‍ക്കാറിന്റെ ശ്രമം.
അസംഘടിത മേഖലയ്ക്ക് മാത്രമായി ക്ഷേമനിധി രൂപീകരിച്ച് അസംഘടിത സ്വഭാവമുളള തൊഴില്‍ മേഖലകളെ അതില്‍ സംയോജിപ്പിക്കും. പരിസ്ഥിതി-ഖനന നിയന്ത്രണങ്ങള്‍ നിര്‍മ്മാണ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഈ പ്രശ്‌നങ്ങള്‍ എങ്ങനെ പരഹരിക്കാമെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ക്ഷേമനിധി പെന്‍ഷന്‍ തുക അറുനൂറില്‍ നിന്നും ആയിരത്തി ഒരു നൂറ് രൂയാക്കി സര്‍ക്കാര്‍ ഉയര്‍ത്തി. 2018 ല്‍ ഏപ്രിലില്‍ തുക 1200 രൂപയാകും.
ഓരോ വര്‍ഷവും 100 രൂപ വീതം വര്‍ദ്ധിക്കും വിധം ക്ഷേമനിധി പെന്‍ഷന്‍ സംവിധാനം പരിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ആനുകൂല്യങ്ങളും പെന്‍ഷനും മന്ത്രി ടി പി രാമകൃഷ്ണന്‍ വിതരണം ചെയ്തു. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ആശംസകള്‍ നേര്‍ന്നു. വിവാഹധനസഹായ വിതരണവും മേയര്‍ അജിത ജയരാജന്‍ നിര്‍വഹിച്ചു. കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്‌ട്രേഷന്‍ വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ വി ജോസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി കെ ഒ ജോര്‍ജ്ജ് സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എല്‍ എസ് ആരിഫ്‌ലാല്‍ നന്ദിയും പറഞ്ഞു.
- Log in to post comments