ഇ.എം.എസ് കൃതികള്‍ ആശയത്തെ നിരോധനം കൊണ്ട് നേരിടുന്നവര്‍ക്കുള്ള മറുപടി: മുഖ്യമന്ത്രി
* ഇ.എം.എസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
ആശയത്തെ നിരോധനങ്ങള്‍കൊണ്ട് നേരിടുന്നവര്‍ക്ക് കാലികമായ മറുപടിയാണ് ഇ.എം.എസിന്റെ ലേഖനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിരോധനങ്ങളിലൂടെ ആശയങ്ങളെയും ആവിഷ്‌കാരങ്ങളെയും ഇല്ലാതാക്കാമെന്നു വ്യാമോഹിക്കുകയാണ് ഇപ്പോള്‍ ഫാസിസ്റ്റ് ശക്തികള്‍. ഭാഷയെയും സാഹിത്യത്തെയും കലയെയും മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തില്‍ വിലയിരുത്തിക്കൊണ്ട് ഇ.എം.എസ് നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഗവേഷകര്‍ക്കും ഒരേപോലെ ദിശാബോധം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഇ.എം.എസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന കൃതി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ നിരൂപണത്തെ സംസ്‌കാര നിരൂപണമാക്കി ഇ.എം.എസ് മാറ്റിയതിലൂടെ തനതായ ഒരു മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്ര സമീപനം രൂപപ്പെടുത്താന്‍ ഇ.എം.എസിനു കഴിഞ്ഞു. അതിനെ കൂടുതല്‍ വ്യാപകവും വികസിതവുമാക്കുകയാണ് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ കര്‍ത്തവ്യമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പാവപ്പെട്ടവരെ വര്‍ഗബോധത്തിന്റെയും നട്ടെല്ലിന്റെയും ഉടമയാക്കിയ ചിന്താധാരയാണ് ഇ.എം.എസ് കേരളത്തിനു സമ്മാനിച്ചതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. കെ.പി. മോഹനന്‍ സ്വാഗതം പറഞ്ഞു. ഇ.എം.എസിന്റെ മകളും വനിതാ കമ്മീഷന്‍ അംഗവുമായ ഇ.എം. രാധ മുഖ്യമന്ത്രിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. ബി. രാജീവന്‍, ഡോ. ബി. ഇക്ബാല്‍, കേരള സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം പ്രൊഫ. വി.എന്‍ മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.4995/17
- Log in to post comments