ആദിവാസി മേഖലകളില്‍ ജനമൈത്രി എക്‌സൈസ് സംവിധാനം വിപുലപ്പെടുത്തും : മന്ത്രി ടി പി രാമകൃഷ്ണന്‍
കേരളത്തിലെ ആദിവാസി മേഖലകളില്‍ ജനമൈത്രി എക്‌സൈസ് സംവിധാനം വിപുലപ്പെടുത്തുമെന്ന് തൊഴില്‍ നൈപുണ്യ-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ ഒളരിക്കരയില്‍ എക്‌സൈസ് ടവറിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. എക്‌സൈസ് വകുപ്പിന് പുതിയ മുഖം നല്‍കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇത് വരെ വയനാട്ടിലും അട്ടപ്പാടിയിലുമായി രണ്ടിടത്തായിരുന്നു ജനമൈത്രി എക്‌സൈസ് സംവിധാനം ഉണ്ടായിരുന്നത്. ഇപ്പോഴത് നിലമ്പൂരിലും ദേവികുളത്തും കൂടി വ്യാപിപ്പിച്ചു.
ആദിവാസി കോളിനികളില്‍ നേരിട്ട് ഇടപെട്ട് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് ജനമൈത്രി എക്‌സൈസിന്റെ ലക്ഷ്യം. ഇത് സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി മേഖലകളിലും നടപ്പിലാക്കും. മന്ത്രി വ്യക്തമാക്കി. എക്‌സൈസ് സേനയുടെ അംഗബലം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കും. ഒപ്പം നിലവിലുളള സേനയെ എല്ലാ തരത്തിലും സജ്ജരാക്കും. ആവശ്യമായ വാഹനങ്ങളും ആയുധങ്ങളും നല്‍കും. അതോടൊപ്പം ലഹരി വിരുദ്ധ ബോധവല്‍ക്കരണ ശ്രമങ്ങളെ ശക്തമാക്കും. എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി അതാണ് ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ ത്രിതല പഞ്ചായത്ത് തലത്തില്‍ കമ്മിറ്റി രൂപീകരിച്ചാണ് വിമുക്തിയുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുളളത്. ലഹരി നിരോധനമല്ല ലഹരി വര്‍ജജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനെതിരെ തെറ്റായ പ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.
വിദ്യാലയത്തിനടുത്തോ ആരാധനാലയത്തിനടുത്തോ ആശുപത്രിക്കടുത്തോ ഒരൊറ്റ മദ്യഷാപ്പു സര്‍ക്കാര്‍ തുറന്നിട്ടില്ല. അനുവദിച്ചിട്ടുമില്ല. നിയമാനുസൃതമായി 3 സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പാനുളള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. അതും നിലവിലുളള നിയമവ്യവസ്ഥകള്‍ക്കനുസൃതമായി മാത്രം. ഇതിനെ വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തുകയാണ് ചിലര്‍. ഇത് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട് മന്ത്രി പറഞ്ഞു. എക്‌സൈസുമായുളള ജനബന്ധം കൂടുതല്‍ ദൃഡമാകേണ്ടതുണ്ടെന്നും വനിത എക്‌സൈസ് ഓഫീസര്‍മാര്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും ഇറങ്ങി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഴവര്‍ഗ്ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ വൈന്‍ പോലുളള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുളള കൃഷി വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് എക്‌സൈസ് വകുപ്പ് അനുകൂലമായ സമീപനമാണ് കൈകൊളളുന്നതെന്നും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. സി.എന്‍.ജയദേവന്‍ എം പി മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒളരിക്കരയില്‍ കോര്‍പ്പറേഷന്‍ വിട്ട് നല്‍കിയ 35 സെന്റ് ഭൂമിയില്‍ 7.16 കോടി രൂപ ചെലവില്‍ 6 നിലകളിലായാണ് എക്‌സൈസ് ടവര്‍ നിര്‍മ്മിക്കുന്നത്. 6862.45 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പാര്‍ക്കിംഗ് സൗകര്യം ലിഫ്റ്റ് സംവിധാനങ്ങള്‍ എല്ലാം സജ്ജീകരിക്കും.
എക്‌സൈസ് ജില്ലാ ആസ്ഥാനമടക്കം തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മുഴുവന്‍ എക്‌സൈസ് ഓഫീസുകളെയും ഒരു കുടകീഴില്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് എക്‌സൈസ് ടവറിന്റെ ലക്ഷ്യം. എ.ഡി.എം സി.വി.സജന്‍, കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ.മനോഹരന്‍, കെ.എസ്.ഇ.ഒ.എ പ്രസിഡണ്ട് എന്‍.എസ്.സലീംകുമാര്‍, കെ.എസ്.ഇ.എസ്.എ പ്രസിഡണ്ട് എം.വര്‍ഗ്ഗീസ് ആന്റണി എന്നിവര്‍ സംസാരിച്ചു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ എ.വിജയന്‍ സ്വാഗതവും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.വി.റാഫേല്‍ നന്ദിയും പറഞ്ഞു.
- Log in to post comments