കശുവണ്ടിമേഖലയിലെ പ്രശ്നങ്ങള്‍ കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തി: മന്ത്രി മെഴ്സിക്കുട്ടി അമ്മ
കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ ആവശ്യമായ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ അറിയിച്ചു. നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി നികുതിയാണ് അസംസ്കൃത കശുവണ്ടിക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുളളത്. ഇത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതിലൂടെ അസംസ്കൃത കശുവണ്ടിയുടെ വില കുറയ്ക്കാനാവും. റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധതിപ്രകാരം വിയറ്റ്നാമുമായുളള സ്വതന്ത്ര കച്ചവടക്കരാര്‍ റദ്ദാക്കുകയെന്നതാണ് കേന്ദ്രത്തിന് മുന്നില്‍ വച്ചിട്ടുളള മറ്റൊരാവശ്യം. കരാര്‍ നടപ്പായാല്‍ വിയറ്റ്നാം കശുവണ്ടി കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തുകയും ആഭ്യന്തര വിപണി തകരുകയും ചെയ്യുമെന്ന ആശങ്ക കേന്ദ്രവുമായി പങ്കുവച്ചിട്ടുണ്ട്.
കേരളത്തിലെ പൊതു, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് ആവശ്യമായ അസംസ്കൃത പരിപ്പ് ലഭ്യമാക്കാന്‍ കേരള കാഷ്യു ബോര്‍ഡ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇടത്തരം കമ്പനികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഇവയെ മാതൃകാ യൂണിറ്റുകളായി മാറ്റും. ഫാക്ടറികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അസംസ്കൃത കശുവണ്ടി ലഭ്യമാക്കുന്നതിലൂടെ വലിയ വിഭാഗം തൊഴിലാളികള്‍ക്ക് സ്ഥിര വേതനം ലഭിക്കും. ഇടനിലക്കാരെയും അനധികൃത കച്ചവടക്കാരെയും ഒഴിവാക്കുന്നതിലും കാഷ്യു ബോര്‍ഡ് ശ്രദ്ധപതിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
മൂന്നു ലക്ഷം പേര്‍ക്ക് കേരളത്തിലെ കശുവണ്ടി വ്യവസായം തൊഴില്‍ നല്‍കുന്നുണ്ട്. പ്രതിവര്‍ഷം എട്ടു ലക്ഷം മെട്രിക് ടണ്‍ കശുവണ്ടി സംസ്കരിക്കുന്നതിനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. 83000 മെട്രിക് ടണ്‍ അസംസ്കൃത കശുവണ്ടിയാണ് പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പി.എന്‍.എക്സ്.4996/17
- Log in to post comments