ലൈഫ് മിഷന്‍: പൂര്‍ത്തീകരിക്കാത്ത പട്ടിക വര്‍ഗക്കാരുടെ വീടുകളുടെ എസ്‌ററിമേറ്റ് എടുക്കുന്നു
വിവിധ വകുപ്പുകളുടെ പദ്ധതികളില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാകാത്ത ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ വഴി നടപടികള്‍ ത്വരിതപ്പെടുത്തുന്നു. എല്ലാവര്‍ക്കും വീട് എന്നതാണ് ലൈഫ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടന്‍ സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ബന്ധപ്പെട്ട വകുപ്പുതലവന്‍മാര്‍ക്ക് കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ സമഗ്രമായി തയ്യാറാക്കണം. സാധന സാമഗ്രികളുടെ ട്രാന്‍സ്‌പോര്‍ട്ടിങ് ചെലവ് ഉള്‍പ്പടെയുള്ളവ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണം. അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലികള്‍ ഈ മാസം 27ന് തുടങ്ങാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ വകുപ്പുകളിലുള്ള എന്‍ജിനിയറിങ് വിഭാഗത്തിന്റെ സഹായം ഇതിനായി തേടും. നവംബര്‍ 27നും ഡിസംബര്‍ ഒന്നിനും ഇടയിലുള്ള തിയതികളില്‍ ഏതെങ്കിലും മൂന്നുദിവസം എന്‍ജിനിയര്‍മാരുടെ സേവനം പൂര്‍ണമായി ലഭ്യമാക്കി പരമാവധി വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കണം. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ കളക്ടര്‍ പുറപ്പെടുവിക്കും. എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുന്നതിന് വിദഗ്ധരായ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കി. ഇവരുടെ യോഗം 24ന് കൂടും. നിലവില്‍ ലൈഫ്മിഷന്റെ കണക്കുപ്രകാരം ജില്ലയില്‍ പൂര്‍ത്തിയാകാത്ത 9452 വീടുകളാണ് ഉള്ളത്. ഇതില്‍ 7103 വീടുകളും പട്ടിക വര്‍ഗവിഭാഗത്തിന്റെതാണ്. ജനറല്‍, പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലൈഫ് മിഷന്‍ പ്രകാരം നിലവിലെ സ്ഥിതി വിലയിരുത്തിയ ശേഷം ഏത് പദ്ധതിയിലാണോ ഉള്‍പ്പെടുത്തിയിരുന്നത് അതിന്റെ ആനുപാതിക ധന സഹായം നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയാണ് അനുവദിക്കുക. മുമ്പ് ചെലവഴിച്ച തുകയുടെ ആനുപാതിക നീക്കിയിരുപ്പാണ് ഇവര്‍ക്ക് ലഭ്യമാകുക. എന്നാല്‍ പട്ടിക വര്‍ഗ വിഭാഗത്തിന് ഒരു ധന പരിധി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല. നിലവില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള ഭവനങ്ങള്‍ പൂര്‍ണമായി പൊളിച്ച് നീക്കി പുതിയ വീട് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. യോഗത്തില്‍ എ.ഡി.എം. കെ.എം.രാജു, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.പി.ജോസഫ്, ഐ.ടി.ഡി.പി.പ്രോജക്ട് ഓഫീസര്‍ പി.വാണീദാസ്, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments