ശാസ്ത്രഗവേഷണ പ്രോത്സാഹനത്തിന് കൈരളി അവാര്‍ഡ് ഏര്‍പ്പെടുത്തും: മന്ത്രി
സംസ്ഥാനത്തെ എല്ലാ മേഖലകളിലേയും ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനായി കേരളത്തിന്റെ നോബല്‍ എന്ന നിലയില്‍ ഈ വര്‍ഷം മുതല്‍ കൈരളി അവാര്‍ഡ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂള്‍ തലത്തില്‍ ശാസ്‌ത്രോത്സവത്തിലൂടെയും അല്ലാതെയും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന വിദ്യാര്‍ഥിയ്ക്ക് കൈരളി യുവ ശാസ്ത്ര അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം അനുദിനം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ്. അതിവേഗം വളരുന്ന ശാസ്ത്രമേഖല സാമൂഹികവും ജനകീയവുമാകുമ്പോഴാണ് മനസിന്റെ ചിന്തയായി വരിക. കേവല ശാസ്ത്ര വളര്‍ച്ച മാത്രമായി ഒതുങ്ങാതെ സമൂഹത്തിലേക്ക് അവ പ്രയോജനപ്പെടുത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഗവേഷണത്തിന്റേയും അന്വേഷണത്തിന്റേയും പാഠപുസ്തകമാകണം ശാസ്‌ത്രോത്സവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര ചിന്തങ്ങള്‍ മനസിലേക്ക് വന്നാലേ മൗലികമായ മാറ്റങ്ങള്‍ സമൂഹത്തിലേക്ക് എത്തൂ. വരാനിരിക്കുന്ന ശാസ്‌ത്രോത്സവങ്ങള്‍ ജനകീയമാക്കും. എന്നാലേ ശാസ്ത്രബോധം ജനങ്ങളിലേക്കെത്തൂ. ഇത്തരം മേഖകളിലുള്ള മാറ്റം പുതിയ വിദ്യാഭ്യാസ സംസ്‌ക്കാരം കൊണ്ടുവരും. ജീവിതത്തിലെ എല്ലാ മേഖലയിലും എപ്ലസ് നേടുകയെന്നതാണ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കലാ-കായിക-ശാസ്ത്ര ഉത്സവങ്ങള്‍ പാഠപുത്സതകങ്ങളാക്കും. ഏറ്റവും ശാസ്ത്രീയ വിദ്യാഭ്യാസ നടക്കുന്നത് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ എന്ന അവസ്ഥയിലേക്ക് മാറും. ടാലന്റ് ലാബ് സംവിധാനം പൊതുവിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കും. ഓരോ കുട്ടിയുടേയും സര്‍ഗശേഷി അന്വേഷിച്ച് കണ്ടെത്തി വികസിപ്പിക്കാനുള്ള സംവിധാനമാണ് ടാലന്റ് ലാബ് സംവിധാനത്തിലൂടെ ഒരുക്കുക. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍
ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സങ്കല്‍പ്പമാണ് ടാലന്റ് ലാബ്. സര്‍ഗശേഷികള്‍ വിഷയപഠനത്തോടൊപ്പം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്‌ത്രോത്സവത്തിനു ശേഷം നല്ല ആശയങ്ങള്‍ കൊണ്ടുവരുന്നവര്‍ തുടര്‍ന്ന് ശ്രദ്ധിക്കപ്പെടുന്നില്ലെന്ന പരാതി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഈ വര്‍ഷം ഏറ്റവും നല്ലതെന്ന് വിലയിരുത്തുന്ന ഇനങ്ങള്‍ ശാസ്‌ത്രോത്സവ രേഖയായി പ്രസിദ്ധീകരിക്കും. ഓരോ പ്രൊജക്ടും അരാണ് അവതരിപ്പിച്ചത്, ആശയം തുടങ്ങിയ രേഖകള്‍ പ്രസിദ്ധീകരണത്തിലുള്‍പ്പെടുത്തും. ഗവേഷണത്തിനുതകുന്ന പുസ്തകമാണ് തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം.സി. അനില്‍കുമാര്‍, കെ.വി. ബാബുരാജ്, പി.കിഷന്‍ ചന്ദ്, സി. അബ്ദുറഹിമാന്‍, ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ ഡോ. പി.പി. പ്രകാശന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പ്രൊഫ.എ. ഫറൂഖ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ സ്വാഗതവും കോഴിക്കോട് വിദ്യഭ്യാസ ഉപഡയറക്ടര്‍ ഇ.കെ.സുരേഷ് നന്ദിയും പറഞ്ഞു. കലോത്സവ ലോഗോ തയ്യാറാക്കിയ ഒ.ഷിഹാബിന് ഉപഹാരം നല്‍കി.
- Log in to post comments