Skip to main content
 മഞ്ചേശ്വരത്ത് പുതിയ സബ് രജിസ്ട്രാര്‍ ഓഫീസിന് ശിലാസ്ഥാപനം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ച് സംസാരിക്കുന്നു. 

രജിസ്‌ട്രേഷന്‍ വകുപ്പില്‍ അഴിമതി ആരോപണങ്ങള്‍     കുറഞ്ഞെന്ന് മന്ത്രി ജി.സുധാകരന്‍

   രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഇ-പേയ്‌മെന്റ് ഇ-സ്റ്റാമ്പിംഗ് സംവിധാനങ്ങള്‍ വന്നതോടെ അഴിമതി ആരോപണങ്ങള്‍ കുറഞ്ഞതായി രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് പുതിയ സബ് രജിസ്ട്രാര്‍ ഓഫീസിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്ന മന്ത്രി. രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ ആധുനികവത്ക്കരിക്കുന്നതോടെ പരാതികള്‍ ഇനിയും കുറയും. മുന്‍കാലങ്ങളില്‍ അഴിമതിയാരോപണങ്ങള്‍ കൂടുതലായിരുന്നു. ഇപ്പോള്‍ വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. ആധാരം എഴുത്തുകാര്‍, വെണ്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ കൊടുക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ  നേട്ടമാണ്. ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. ആര്‍ക്കുവേണമെങ്കിലും ആധാരം സ്വയം എഴുതാമെന്ന നിയമം സര്‍ക്കാരിന് പിന്‍വലിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് രജിസ്‌ട്രേഷനുകള്‍ നടക്കുന്നതില്‍ മുന്നുറോളം പേര്‍ മാത്രമാണ് സ്വയം ആധാരം എഴുതി രജിസ്‌ട്രേഷന്‍ നടത്തിയത്. ആധാരമെഴുത്തുകാര്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്നും മന്ത്രി പറഞ്ഞു.
    ഒന്നര നൂറ്റാണ്ട് പഴക്കമുള്ളതാണ് നിലവിലെ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം. ഇവിടുത്തുകാരുടെയും ഉദ്യോഗസ്ഥരുടെയും കാലങ്ങളായ ആവശ്യമാണ് പുതിയ ഓഫീസ് കെട്ടിടമെന്നത്. മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന അപൂര്‍വമായ സബ് രജിസ്ട്രാര്‍ ഓഫീസാണ് മഞ്ചേശ്വരമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കാല്‍ലക്ഷത്തോളം രജിസ്‌ട്രേഷനാണ് പ്രതിവര്‍ഷം ഇവിടെ നടക്കുന്നത്. പുതിയ ഓഫീസ് നിലവില്‍ വരുന്നതോടെ കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ ഇവിടെ നടക്കുമെന്നും മന്ത്രി പറഞ്ഞു. 54.66 ലക്ഷം രൂപയ്ക്ക് 16 മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകും. 
    പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അനീസ് ഹാജി, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംഷദ് ഷുക്കുര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കെ.എം.കെ അബ്ദുള്‍ റഹിമാന്‍ ഹാജി, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.രാജേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിപ്പു.റജിസ്‌ട്രേഷന്‍ ജോയിന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി.കെ സജന്‍ കുമാര്‍ സ്വാഗതവും റജിസ്‌ട്രേഷന്‍ ഉത്തരമേഖല ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.ജി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

 

date