Skip to main content

ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണം  പോലിസ്: മുഖ്യമന്ത്രി     

ജനാധിപത്യ സമൂഹത്തിന് ഇണങ്ങുന്നതാവണം പോലിസ് സംവിധാനമെന്നും എന്നാല്‍ ചിലപ്പോഴെങ്കിലും ചിലരില്‍ പഴയ ജനവിരുദ്ധ ശീലങ്ങള്‍ തികട്ടി വരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എ.പി നാലാം ബറ്റാലിയന്‍ പാസിംഗ് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശാധിപത്യത്തിന്റെ ഭാഗമായി നിലവില്‍ വന്ന നമ്മുടെ പോലിസ് സംവിധാനം ജനങ്ങളെ ശത്രുക്കളായിട്ടായിരുന്നു അക്കാലത്ത് കണ്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പോലിസിനെ ജനകീയമാക്കാന്‍ ശ്രമങ്ങള്‍ നടന്നു. എന്നാല്‍ പഴയ ശീലങ്ങളില്‍ നിന്ന് പൂര്‍ണമായി പോലിസ് മുക്തമായിട്ടില്ല. സേനയെ ജനങ്ങള്‍ക്ക് ഇണങ്ങുന്നതാക്കി മാറ്റിയെടുക്കുന്നതിനുള്ള നടപടികളും പരിഷ്‌ക്കാരങ്ങളുമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
    ജനമൈത്രി പോലിസ് സംവിധാനം നടപ്പിലാക്കുന്നത് ഇതിന്റെ ഭാഗമായാണ്. വീടുകളില്‍ തനിച്ച് കഴിയുന്ന വയോജനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ നല്ല രീതിയില്‍ നടപ്പില്‍ വരുത്തുന്നവരും കാട്ടിക്കൂട്ടുന്നവരുമുണ്ട്. ജനങ്ങളോട് മൃദുവായി പെരുമാറുകയും കൃത്യനിര്‍വഹണത്തിന് ദൃഢചിത്തത പ്രകടിപ്പിക്കുകയും ചെയ്യുന്നവരാവണം പോലിസ്. പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ പോലിസ് പതറിപ്പോവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
    രാജ്യത്തിനകത്ത് വച്ചും വിദേശരാജ്യങ്ങളിലേക്ക് പോയും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചില വിഭാഗങ്ങള്‍ ചില പ്രദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്ത് മറ്റു സ്ഥലങ്ങളിലേക്ക് ആളുകളെ അയക്കുന്നുണ്ട്. ഇവര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായാണ് അനുഭവം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ ഈ രീതിയില്‍ എത്തിക്കുന്നത് ഗുരുതരമായ കുറ്റമായി പോലിസ് കാണണമെന്നും ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് മുന്‍കരുതലുകളെടുത്താല്‍ പല കുറ്റകൃത്യങ്ങളും തടയാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
    സ്ത്രീകള്‍ക്കെതിരേയുണ്ടാവുന്ന അതിക്രമങ്ങളില്‍ കനത്ത നടപടികളുണ്ടാവണം. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന കേസുകളില്‍ കുട്ടികളെ വീണ്ടെടുക്കാന്‍ പലപ്പോഴും സാധിക്കാറുണ്ടെങ്കിലും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ കൂടി കണ്ടെത്താനുള്ള സംവിധാനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കാനാവുമെന്ന ദുഷ്ടചിന്തയില്‍ സമൂഹത്തില്‍ ചേരിതിരിവും സംഘര്‍ഷവും കലാപങ്ങളും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
    ജലസംരക്ഷണ രംഗത്ത് കെ.എ.പി നാലാം ബറ്റാലിയന്‍ കൈവരിച്ച നേട്ടങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. ഇടക്കാലത്തെ തെറ്റായ വികസന മാതൃക നാട്ടിലെ ജലസ്രോതസ്സുകള്‍ ഇല്ലാതാക്കിയതായും ഇക്കാര്യത്തില്‍ ഒരു തിരിച്ചുപോക്കിനാണ് കേരളം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. 
    2017 ഫെബ്രുവരി പരിശീലനം ആരംഭിച്ച കെ.എ.പി നാലാം ബറ്റാലിയനിലെ 113 പോലിസുകാരും എം.എസ്.പിയിലെ 183 പോലിസുകാരുമാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. 10 പ്ലറ്റൂണുകളിലായി നടന്ന പരേഡിന് കെ.എ.പിയിലെ ശരത്ത് കുമാര്‍ നേതൃത്വം നല്‍കി. എം.എസ്.പിയിലെ ആകാശ് എം.ആര്‍ ആയിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. പ്ലറ്റൂണുകള്‍ക്ക് സജിത്ത് ജോസഫ്, വിജില്‍ കെ, നിധിന്‍, പ്രജുല്‍, രാഹുല്‍, ജോസ് സി.ആര്‍, ലിജേഷ് എന്‍.പി, ബിനു ലാല്‍, സുഭാഷ് എം, അഭിജിത്ത് ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
    പരിശീലന വേളയില്‍ വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കെ.എ.പി യിലെ അഷ്‌റഫ് (ബെസ്റ്റ് ഷൂട്ടര്‍), ജിതിന്‍ എ ആര്‍ (ബെസ്റ്റ് ഇന്‍ഡോര്‍), ശരത്ത് കുമാര്‍ (ബെസ്റ്റ് ഔട്ട്‌ഡോര്‍, ഓള്‍ റൗണ്ടര്‍) എം.എസ്.പിയിലെ അമല്‍ കൃഷ്ണ വി.കെ (ബെസ്റ്റ് ഷൂട്ടര്‍), അനൂപ് എസ്.വി (ബെസ്റ്റ് ഇന്‍ഡോര്‍), ജൈസല്‍ (ബെസ്റ്റ് ഔട്ട് ഡോര്‍), ശ്യാംദാസ് കെ (ഓള്‍റൗണ്ടര്‍) എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. മികച്ച പ്രകടനത്തിനുള്ള വിനോദ് സ്മാരക ട്രോഫിക്ക് ശരത്ത് കുമാര്‍ അര്‍ഹനായി. 
    മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ രാഗേഷ് എം.പി, എം.എല്‍.എമാരായ ജെയിംസ് മാത്യു, ടി.വി രാജേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സായുധസേനാ വിഭാഗം എ.ഡി.ജി.പി സുദേഷ് കുമാര്‍, സായുധസേനാ വിഭാഗം ഡി.ഐ.ജി ഷെഫീന്‍ അഹ്മദ്, കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്റന്റ് കെ സഞ്ജയ് കുമാര്‍ ഗുരുഡിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള ടീച്ചര്‍, മുന്‍ എം.എല്‍.എ പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 
     6 ബി.ടെക്കുകാര്‍, 3 ബി.എഡുകാര്‍, 33 പി.ജിക്കാര്‍, 137 ഡിഗ്രിക്കാര്‍, 20 ഡിപ്ലോമക്കാര്‍, 28 ഐ.ടി.ഐക്കാര്‍ എന്നിവരടങ്ങിയതാണ് കെ.എ.പി നാലാം ബറ്റാലിയനില്‍ നിന്ന് പിരിശീലനം പൂര്‍ത്തിയാക്കിയ 26-ാമത് ബാച്ച്. 
പി എന്‍ സി/4476/2017

date