സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ നാല് അതിഥികള്‍ കൂടി
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലുളള തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാല് കുട്ടികളെ ലഭിച്ചു. ആണ്‍കുട്ടികള്‍ക്ക് സനുഷ്, മാനവ് എന്നും പെണ്‍കുട്ടികള്‍ക്ക് മിയ, ആരുഷി എന്നും പേരിട്ടു. ഈ വര്‍ഷം ഇതുവരെ ഈ അമ്മത്തൊട്ടിലിലൂടെ ആകെ 17 കുട്ടികളെയാണ് ശിശുക്ഷേമ സമിതിക്ക് ലഭിച്ചത്.
ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സ്വീകരിക്കുന്നതിനായി സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്താകെ 16 അമ്മത്തൊട്ടിലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അനുമതിയോടെ അതത് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ക്ക് നല്കും. നിലവിലുള്ള നിയമങ്ങള്‍ക്കും, വ്യവസ്ഥകള്‍ക്കും വിധേയമായി ദത്ത് നല്‍കിയാണ് അവരെ പുനരധിവസിപ്പിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.ദീപക്.എസ്.പി പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതി തണല്‍'- കുട്ടികളുടെ അഭയ കേന്ദ്രം എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിനായി 1517 എന്ന ടോള്‍ ഫ്രീ നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്.
പി.എന്‍.എക്‌സ്.5028/17
- Log in to post comments