അക്രമികളോട് വിട്ടു വീഴ്ച പാടില്ല; ജനങ്ങളോട് അടുത്ത ബന്ധം പുലര്‍ത്തണം കേരള പോലീസ് നടത്തുന്നത് നിഷ്പക്ഷ അന്വേഷണം: മുഖ്യമന്ത്രി പിണറായി വിജയന്‍
നിഷ്പക്ഷമായ അന്വേഷണമാണ് കേരളത്തില്‍ ഇന്ന് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടൂര്‍ പരുത്തപ്പാറയിലെ കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ 411 സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റവാളി എത്ര പ്രബലനായാലും നിയമത്തിന്‍റെ മുന്നില്‍ കുറ്റവാളിയാണോ എന്നതുമാത്രമേ പ്രശ്നമുള്ളു. പ്രബലനോ, അല്ലയോ എന്നതൊന്നും അന്വേഷിക്കുന്ന പോലീസ് നോക്കേണ്ട കാര്യമില്ല. നിയമപരമായി കാര്യങ്ങള്‍ നടത്തുക. സ്വതന്ത്രമായി നിഷ്പക്ഷമായി നീതി നിര്‍വഹിക്കുക എന്നതാണ് ഈ കാലത്ത് കേരളാ പോലീസ് ചെയ്യുന്നതെന്ന് എല്ലാവരും മനസിലാക്കി കഴിഞ്ഞിട്ടുള്ള കാര്യമാണ്. പുതിയ സേനാംഗങ്ങള്‍ ഇതു മാതൃകയായി സ്വീകരിക്കണം. മൃദു ഭാവേ ദൃഢ കൃത്യേയെന്ന പോലീസിന്‍റെ ആപ്തവാക്യം മനസിലുണ്ടാകണം. മൃദുഭാവേയെന്നത് ജനങ്ങളോടുള്ള മൃദു ഭാവമാണ്. ദൃഢകൃത്യമെന്നത് കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ ചാഞ്ചല്യമുണ്ടാകരുത്. ദൃഢമായ മനസോടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ പോലീസ് സേനാംഗങ്ങള്‍ക്കാകണം.
പോലീസിന്‍റെ കൃത്യമായ പ്രവര്‍ത്തനം നടക്കുന്നതിനും കാര്യക്ഷമതയോടെ കാര്യങ്ങള്‍ നിറവേറ്റുന്നതിനും സേനാംഗങ്ങളുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ട്. പോലീസ് സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇതോടൊപ്പം തന്നെ പോലീസിലുള്ള വനിതകളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. സ്ത്രീകള്‍ക്ക് നല്ല സുരക്ഷയൊരുക്കാന്‍ നമ്മുടെ സമൂഹത്തിന് കഴിയേണ്ടതായിട്ടുണ്ട്. സ്ത്രീ സുരക്ഷ നല്ല രീതിയില്‍ ഉറപ്പാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടെയും ചിലപ്പോള്‍ ചില അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നത് നാം ഗൗരവത്തോടെ കാണണം. ഒരു വിട്ടുവീഴ്ചയും അക്രമികളോട് കാണിക്കാന്‍ പറ്റില്ല. സ്ത്രീ സുരക്ഷ ഏറ്റവും പ്രധാനമായി കണ്ടു കൊണ്ട് നീങ്ങണം. ഇതേപോലെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നു. ചിലയിടങ്ങളില്‍ അപൂര്‍വമായ തോതിലാണെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നിലയുമുണ്ട്. ഇത്തരം കാര്യങ്ങളിലും ശക്തമായ ഇടപെടല്‍ നടത്തുന്ന പോലീസാണ് കേരളത്തിലേത്. ഈ പ്രവര്‍ത്തനം തുടരുന്നതിനൊപ്പം ശക്തിപ്പെടുത്തുകയും വേണം. ഇതോടൊപ്പം തന്നെ മയക്കുമരുന്നിന്‍റെ വ്യാപനം വലിയ ഉത്കണ്ഠയുളവാക്കുന്ന കാര്യമാണ്. നമ്മുടെ നാടിന്‍റെ ഭാവിയെ തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കമായിട്ടാണ് അതിനെ കാണേണ്ടത്. ഇത്തരം കാര്യങ്ങളിലും മറ്റ് ഏജന്‍സികളുമായി സഹകരിച്ച് ഗൗരവത്തോടെ ഇടപെടാന്‍ പോലീസിന് കഴിയണം. നടക്കുന്ന കുറ്റകൃത്യങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്തു പോകുന്നതാണ് കേരളീയ സമൂഹം. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന എല്ലാ കേസുകളും ഉയര്‍ന്നു വരുന്ന എല്ലാ പ്രശ്നങ്ങളും കാര്യക്ഷമതയോടെ അന്വേഷിക്കണം.
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി പോലീസാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തുകയെന്നതാണ് ഉദ്ദേശിക്കുന്നത്. പഴയ കാലത്ത് ജനങ്ങളിലെ ഒരു ചെറുവിഭാഗത്തെ മാത്രമാണ് പോലീസ് കണ്ടിരുന്നത്. നാട്ടിലുള്ള പ്രമാണിമാര്‍, ഇവര്‍ നാടുവാഴികളോ, ജډിമാരോ, മുതലാളിമാരോ ആകാം. ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കലാണ് തങ്ങളുടെ ബാധ്യത എന്നതായിരുന്നു അക്കാലത്ത് പോലീസ് കരുതിയിരുന്നത്. എന്നാല്‍, ഇന്ന് വലിയ മാറ്റം പോലീസിന് അകത്തു തന്നെ വന്നിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ജനങ്ങളെന്നത് യഥാര്‍ഥ അര്‍ഥത്തില്‍ നമ്മുടെ നാട്ടിലെ എല്ലാ ജനവിഭാഗങ്ങളുമാണ്. പ്രത്യേകിച്ച് നീതി എപ്പോഴും ലഭിക്കാന്‍ അര്‍ഹതപ്പെട്ട പാവപ്പെട്ടവരും സാധാരണക്കാരുമായ ബഹുജനങ്ങള്‍. ഇവരോട് സൗഹൃദപരമായ നില സ്വീകരിക്കുക എന്നതാണ് ജനമൈത്രി പോലീസ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ പോലീസിന്‍റെ കാര്യക്ഷമത ഉയര്‍ത്തുന്നതിനുള്ള ഒട്ടേറെ നടപടികള്‍ അടുത്തകാലത്ത് പോലീസില്‍ നടപ്പാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍റെ ചുമതല എസ്ഐമാര്‍ക്കായിരുന്നു. കാര്യങ്ങളില്‍ കുറേക്കൂടി ഫലപ്രമായ ഇടപെടല്‍ ഉണ്ടാകണമെന്നതുകൊണ്ട് സ്റ്റേഷന്‍റെ ചുമതല സിഐ മാരിലേക്കു മാറ്റുന്ന പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ മതനിരപേക്ഷ തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലെ തീര്‍ഥാടനം നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡിന് പ്രത്യേകതയുണ്ട്. മതനിരപേക്ഷതയുടെ പ്രതീകമായ ശബരിമല തീര്‍ഥാടന സമയത്ത് പരിശീലനം പൂര്‍ത്തിയാക്കുന്നുവെന്നത് ഇന്നു നമ്മുടെ രാജ്യത്ത് ശക്തമായ രീതിയില്‍ ഉണ്ടാകേണ്ട മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള വികാരം പുതിയ സേനാംഗങ്ങളില്‍ ഓരോരുത്തരിലും ശക്തമായി തന്നെ നിലനില്‍ക്കുന്നതിന് ഇടയാക്കും. പുതിയ പോലീസ് സേനാംഗങ്ങളില്‍ ഭൂരിഭാഗം പേരും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഇത് പോലീസിന് ഒരു പുതിയ മുഖം നല്‍കും. ഇത് പോലീസിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് വലിയ തോതില്‍ സഹായിക്കും. പോലീസ് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് പോലീസിനു തന്നെ ഇപ്പോള്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ബ്രിട്ടീഷ് സാമ്ര്യാജ്യതത്വത്തിന്‍ കീഴില്‍ നമ്മുടെ നാട്ടിലെ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയായിരുന്നു പോലീസിനുണ്ടായിരുന്നത്. നമ്മുടെ നാട്ടില്‍ ഈ പഴയ നില ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല. കേരളത്തിലാണ് പഴയതില്‍ നിന്നു വ്യത്യസ്തമായ ഒരു മുഖം പോലീസിന് ആദ്യമായി കൈവന്നത്. കേരളം രൂപം കൊണ്ടതിനു ശേഷം ആദ്യം അധികാരത്തിലേറിയ മുഖ്യമന്ത്രി ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പോലീസിന് പുതിയ മുഖം നല്‍കുന്ന പോലീസ് നയം പ്രഖ്യാപിച്ചത്. പോലീസ് തീര്‍ത്തും വ്യത്യസ്തമായ മുഖത്തോടെ ജനങ്ങളെ സൗഹൃദപരമായി സമീപിക്കുന്ന നിലയോടെ പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട സേനയാണ്. പക്ഷേ, ചില ഘട്ടങ്ങളില്‍ ഈ കാര്യം മറന്ന് പോലീസ് സേനയില്‍ ചിലര്‍ പ്രവര്‍ത്തിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ജനങ്ങളോട് നല്ല സൗഹൃദത്തോടെ വേണം പോലീസ് പ്രവര്‍ത്തിക്കാന്‍. പുതിയ സേനാംഗങ്ങള്‍ സര്‍വീസ് കാലയളവില്‍ ഉടനീളം ഊര്‍ജസ്വലമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സായുധ സേനാ ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാര്‍, സായുധ സേനാ ബറ്റാലിയന്‍ ഡിഐജി ഷെഫിന്‍ അഹമ്മദ്, കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്‍റ് സിറില്‍ സി വള്ളൂര്‍, കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്‍റ് ബാസ്റ്റിന്‍ സാബു, സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, മുന്‍ എംഎല്‍എ ആര്‍. ഉണ്ണികൃഷ്ണപിള്ള, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെഎപി മൂന്നാം ബറ്റാലിയന്‍ ഡെപ്യുട്ടി കമാന്‍ഡന്‍റ് കെ.ടി. ചാക്കോ പോലീസ് സേനാംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 281 പേരും കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയനില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 130 പേരും ഉള്‍പ്പെടെ 411 സേനാംഗങ്ങളാണ് സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. പരിശീലന കാലയളവില്‍ മികവു പുലര്‍ത്തിയ സേനാംഗങ്ങള്‍ക്കുള്ള പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. (പിഎന്‍പി 3183/17)
- Log in to post comments