Skip to main content
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കും പരിഹാരമാര്‍ഗ്ഗങ്ങളും സംബന്ധിച്ചുള്ള പഠനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു.

അടുത്ത വര്‍ഷം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കില്ലാതാക്കും                                                                                                                                                                                                    

 

 

                പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊഴിഞ്ഞുപോക്കില്ലാത്ത, പാര്‍ശ്വവല്‍കരണമില്ലാത്ത പൊതുവിദ്യാലയങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.  സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കും പരിഹാരമാര്‍ഗ്ഗങ്ങളും സംബന്ധിച്ചുള്ള പഠനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  പൊതു വിദ്യാലയങ്ങള്‍ എന്ന ആശയം കേരളം മുറുകെ പിടിക്കുന്നത് കൊഴിഞ്ഞുപോക്ക് പൊതുവെ കുറക്കും.  വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ പുതിയ വിദ്യാഭ്യാസം കൊഴിഞ്ഞുപോക്കില്‍ ഗണ്യമായ കുറവു വരുത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.  കഴിഞ്ഞ വര്‍ഷം 145208 കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് പുതുതായി വന്നു.  അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് പഠനാനുഭവം ഉയര്‍ത്തുന്നതിന് പൊതു വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരും ഹെഡ്മാസ്റ്റര്‍മാരും അദ്ധ്യാപകരും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

                  വിവരശേഖരണത്തോടൊപ്പം വിശകലനവും പരിഹാരമാര്‍ഗ്ഗവുമാണ് സര്‍ക്കാര്‍ തേടുന്നത്.  സര്‍വ്വെയുടെ ആദ്യഘട്ട വീട് സന്ദര്‍ശനം ഡിസംബറില്‍ പൂര്‍ത്തിയാക്കാനും രണ്ടാം ഘട്ടം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഒ.ആര്‍.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, സ്റ്റാറ്റിസ്റ്റിക്‌സ് ജോയിന്റ് ഡയറക്ടര്‍ കെ വിമലന്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം.നാസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജന്‍, എസ്.എസ്.എ. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എച്ച്. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കുമായും ഉള്ള പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനവും മന്ത്രി കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു.

 

 

date