ഒരു വര്‍ഷത്തിനകം ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ ഹൈടെക്കാക്കും
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ 8 മുതല്‍ 12 വരെയുള്ള പൊതു വിദ്യാലയങ്ങളിലെ എല്ലാ ക്ലസ്സ് മുറികളും അത്യാധുനിക സാങ്കേതിക വിദ്യയുള്ള ഹൈടെക്ക് ക്ലാസ് മുറികളായി മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. മാനന്തവാടി നഗരസഭയിലെ ആറാട്ടുതറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2019 മാര്‍ച്ചോടെ എല്‍.പി.യും യു.പിയും പൂര്‍ണ്ണമായും ഹൈടെക്കാക്കും. അക്കാഡമിക് നിലവാരം ലോക നിലവാരത്തില്‍ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൈടെക് ആക്കി മാറ്റുന്നതിന് 493 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കിയിട്ടുണ്ട്. ആയിരം സ്കൂളുകളുടെ കെട്ടിടമുള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യത്തിനായി പദ്ധതി വിഹിതം നീക്കി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒ.ആര്.കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് വി.ആര്.പ്രവീജ് നിര്‍വ്വഹിച്ചു. ഫിസിക്സ് ലാബ് മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പ്രതീപാ ശശിയും സ്മാര്‍ട്ട് ക്ലാസ് റൂം നഗരസഭാ കൗണ്‍സിലര്‍ സ്മിത അനില്‍കുമാറും സ്കൗട്ട് യൂണിറ്റ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗ്ഗീസ് ജോര്‍ജും ജൈവവൈവിധ്യ പാര്‍ക്ക് പി.ടി.എ. പ്രസിഡന്റ് എ.ജയനും ഉദ്ഘാടനം ചെയ്തു. പി.ടി.ബിജു, ശാരദാ സജീവന്, ലില്ലി കുര്യന്, ശോഭനായോഗി, മഞ്ജുള അശോകന്, ഇന്ദിര പ്രേമ ചന്ദ്രന് ,സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി.എം.ഓമന, പ്രിന്‍സിപ്പാള്‍ ഇ.കെ. പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ടുകോടി രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മാണം പൂര്‍ത്തിയാക്കിയ നീര്‍വാരം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി സി.കെ.രവീന്ദ്രനാഥ് ഇന്നലെ നിര്‍വഹിച്ചു. ഒ.ആര്.കേളു എം.എല്‍.എയുടെ ആധ്യക്ഷ്യതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ടി.സി.ജോയി, മണി ഇല്യമ്പത്ത്, പനമരം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.ജി.സെബാസ്റ്റ്യന്‍, ശാരദ അച്ചപ്പന്‍, ഹെഡ്മാസ്ററര് വി.മോഹനന്, പ്രിന്‍സിപ്പള്‍ എം.എം.ജയരാജ്, എ.സ്വര്ഗ്ഗിണി എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments