മാലിന്യമുക്തം നവകേരളം പുതിയഘട്ടത്തിലേക്കെന്ന് മന്ത്രി എം ബി രാജേഷ്
*വലിച്ചെറിയൽ വിരുദ്ധവാരം നാളെ തുടങ്ങും
സംസ്ഥാനമൊട്ടാകെ ഏറ്റെടുത്ത മാലിന്യമുക്തം നവകേരളം പദ്ധതി പുതിയഘട്ടത്തിലേക്ക് കടക്കുകയാണെന്നും അതിന്റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധവാരം നാളെ (ജനുവരി 1) മുതൽ ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശാസ്ത്രീയ മാലിന്യ സംസ്കരണം വലിയ തോതിൽ പുരോഗമിക്കുമ്പോഴും വലിച്ചെറിയൽ ശീലം ഉപേക്ഷിക്കാൻ ജനങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ല. ഇതിനായി വിപുലമായ ബോധവത്കരണ പരിപാടികൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. സുസ്ഥിരമായ ശുചിത്വ പരിപാലനം ലക്ഷ്യമിട്ട് ക്യാമറാ നിരീക്ഷണം ശക്തമാക്കൽ, മാലിന്യം നിക്ഷേപിക്കാൻ ബിന്നുകൾ വ്യാപകമായി സ്ഥാപിക്കൽ, ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്കരിക്കുക തുടങ്ങിയവ ഉറപ്പുവരുത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാർച്ച് 30 ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ വലിച്ചെറിയൽ വിരുദ്ധക്യാമ്പയിൻ നിർണായക പങ്ക് വഹിക്കും. വലിച്ചെറിയൽ മുക്തമായ പൊതുവിടങ്ങൾ ജനകീയ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സൃഷ്ടിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാലിന്യമുക്തമാക്കുക, സ്ഥാപനങ്ങളെ വലിച്ചെറിയൽ മുക്തമാക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിയമനടപടികൾ കർശനമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നത്. ജനുവരി 20 നുള്ളിൽ എല്ലാ ജംഗ്ഷനുകളിലും ജനകീയ സമിതികൾ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓഫീസുകൾ ജനുവരി 7 മുതൽ വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കാൻ കഴിയുന്ന നിലയിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. മാലിന്യ പ്രശ്നത്തിലെ നിയമലംഘകർക്കെതിരെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ ശക്തമാക്കും. ജാഥകൾ, സമ്മേളനങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ പൊതു പരിപാടികളുടെ ഭാഗമായുള്ള കൊടിതോരണങ്ങൾ, നോട്ടീസുകൾ, വെള്ളക്കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പാലിക്കേണ്ട നിബന്ധനകൾ സംഘാടകരെ മുൻകൂട്ടി അറിയിക്കും.
മാലിന്യമുക്തമായ ആയൽക്കൂട്ടങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ കുടുംബശ്രീയുടെ ചുമതലയിൽ നടത്തുന്നുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് ഗാർഹിക ജൈവ മാലിന്യ സംസ്കരണ ഉപാധികളുടെ എണ്ണം, നിലവിലെ സ്ഥിതി എന്നിവ മനസിലാക്കുന്നതിനായി ജനുവരി 6 മുതൽ 12 വരെ സർവേയും ഭവന സന്ദർശനവും നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ സർവേ ജനുവരി 15 നകം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിവിധ നേട്ടങ്ങൾ സംസ്ഥാനം കൈവരിച്ചു. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വാതില്പടി ശേഖരണം 47 ശതമാനത്തിൽ നിന്ന് 87 ശതമാനമായി. യൂസർ ഫീസ് കളക്ഷൻ 34.90 നിന്നും 72 ശതമാനമായി വർധിച്ചു. മിനി എം. സി. എഫ്-കളുടെ എണ്ണം 7446 നിന്നും19,447 എണ്ണമായി കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷ കാലയളവിൽ ക്ളീൻ കേരള കമ്പനി 39,850 ടൺ മാലിന്യം ശേഖരിച്ചു. ഹരിതമിത്രം ആപ്പ് സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം 11.24 ലക്ഷത്തിൽ നിന്നും 85.66 ലക്ഷമായി വർധിച്ചു എൻഫോഴ്സ്മെന്റ് നടപടികൾക്കായി 49108 പരിശോധനകൾ നടന്നു. 5.15 കോടി രൂപ പിഴ ചുമത്തി. മാലിന്യക്കൂനകളില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഇത്തരം 24 കേന്ദ്രങ്ങൾ പൂർണമായും വൃത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 5910/2024
- Log in to post comments