സഹോദരന്റെ വഴിയെ ഫെൻസിങ്ങിൽ വളരാൻ അബ്ദുൽ അസീസ്
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിനെത്തിയ കേരള ഫെൻസിങ് ടീമിന്റെ മുൻനിര താരം പത്തനംതിട്ട സ്വദേശി അബ്ദുൽ അസീസ് നാലാം തവണയാണ് ദേശീയ തലത്തിൽ പങ്കെടുക്കുന്നത്. ഫെൻസിംഗ് താരമായ സഹോദരൻ ബാസിത്തിന്റെ പാത പിന്തുടർന്നാണ് അസീസ് ഫെൻസിങിൽ എത്തിയത്. കുട്ടിക്കാലം മുതലേ സഹോദരനോടൊപ്പം ഫെൻസിങ് കാണാൻ പോയി അസീസിന് ഫെൻസിങ്ങിനോട് ഇഷ്ടം വളരുകയായിരുന്നു. ബാസിത്തിന് ദേശീയ തലത്തിൽ എത്താൻ സാധിച്ചില്ലെങ്കിലും ജ്യേഷ്ഠന്റെ ആഗ്രഹം തന്നിലൂടെ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് അസീസ്. ദേശീയ മെഡലിനൊപ്പം അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി പങ്കെടുക്കാനാണ് അസീസ് ആഗ്രഹിക്കുന്നത്. കോഴിക്കോട് ഗവ. ഫിസിക്കൽ എജുക്കേഷൻ കോളേജിൽ ഒന്നാംവർഷ ബിപിഇഡി വിദ്യാർഥിയാണ്. 2014ൽ തന്റെ സ്കൂൾ കാലഘട്ടം മുതൽ ഫെൻസിങ്ങിൽ പ്രയാണം ആരംഭിച്ച അസീസ് സർവകലാശാല തലത്തിലും സംസ്ഥാന തലത്തിലുമായി അമ്പതിലധികം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ പത്തു വർഷത്തെ ഫെൻസിങ് കരിയറിൽ കേരള ഫെൻസിങ് അസോസിയേഷന്റെ കീഴിൽ മത്സരിക്കുന്ന ആദ്യ ദേശീയ മത്സരമാണിത്. കാലിക്കറ്റ് സർവകലാശാല ടീം ഫെൻസിങ് കോച്ചാകാനും അസീസിന് അവസരം ലഭിച്ചിട്ടുണ്ട്.
- Log in to post comments