ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സജീവമായി സ്പോർട്സ് ആയുർവേദ കണ്ണൂർ യൂണിറ്റ്
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾക്ക് താങ്ങാവുകയാണ് സ്പോർട്സ് ആയുർവേദ കണ്ണൂർ യൂണിറ്റ്. കായിക താരങ്ങളുടെ കായിക ക്ഷമത വർധിപ്പിക്കാനും പരുക്കുകൾ ചികിത്സിക്കാനും വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാരും തെറാപ്പിസ്റ്റ്മാരും സ്റ്റേഡിയത്തിൽ സജ്ജീവമാണ്. ആയുർവേദത്തിന്റെ നൂതന ശാസ്ത്ര ശാഖയായ സ്പോർട്സ് ആയുർവേദയുടെ പ്രഥമിക ലക്ഷ്യം മത്സരത്തിനിടെ കായികതാരങ്ങൾക്കുണ്ടാകുന്ന പരിക്കുകൾക്കുള്ള ചികിത്സയാണ്. കണ്ണൂർ യൂണിറ്റ് സ്പോർട്സ് ആയുർവേദ ജില്ലാ കോ ഓർഡിനേറ്റർ ഡോ.റബീഹ് ഹാഷിം, കണ്ണൂർ സ്പോർട്സ് യൂണിറ്റ് എം.ഒമാരായ ഡോ ജ്യോതി രാജൻ, ഡോ. അലീഷ തുടങ്ങി പത്തോളം പേർ സ്റ്റേഡിയത്തിൽ ജനുവരി മൂന്ന് വരെ സേവനമനുഷ്ഠിക്കും.
സ്പോർട്സ് ആയുർവേദയുടെ കണ്ണൂരിലെ പ്രധാന കേന്ദ്രം ജില്ലാ ആയുർവേദ ആശുപത്രിയിലാണ്. എന്നാൽ മുണ്ടയാട് സ്റ്റേഡിയത്തിൽ പുതിയ സെന്റർ ഉടൻ ആരംഭിക്കുമെന്ന് കണ്ണൂർ യൂണിറ്റ് സ്പോർട്സ് ആയുർവേദ ജില്ലാ കോ ഓർഡിനേറ്റർ ഡോ.റബീഹ് ഹാഷിം പറഞ്ഞു. എല്ലാ പരിക്കുകൾക്കും ചികിത്സയും പ്രീ ഇവന്റ് കണ്ടീഷനിങ്ങും സ്പോർട്സ് ആയുർവേദയിൽ നൽകി വരുന്നുണ്ട്.
- Log in to post comments