തെരുവ് നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ്; 4373 നായ്ക്കളെ പ്രതിരോധ മരുന്ന് കുത്തിവെച്ചു
സമഗ്ര പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി തെരുവ് നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ രണ്ട് നഗരസഭകളിലും 28 ഗ്രാമപഞ്ചായത്തുകളിലുമായി 4373 നായ്ക്കളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി. ഇനിയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ നടത്താനുള്ള 10 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും റിവിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാമ്പയിന്‍ നടത്തുന്നതോടെ ജില്ല സമ്പൂര്‍ണ്ണമായി തെരുവ് നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് കൈവരിക്കും. ഇതിന്റെ ഭാഗമായി് സംസ്ഥാന മൃഗസംരക്ഷണ വകുപ്പും മിഷന്‍ റേബിസ് എന്ന എന്‍.ജി.ഒയും ചേര്‍ന്ന് പേവിഷ ബോധവല്‍ക്കരണ പ്രചരണത്തിനായുള്ള പ്രചരണ വാഹനം തലസ്ഥാനത്തുനിന്നും പ്രചരണം ആരംഭിച്ചു. ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ ജില്ലയില്‍ ഈ വാഹനം മുഖേന പേവിഷബാധ സംബന്ധിച്ച വീഡിയോ ചിത്രങ്ങളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യും.
പേവിഷബാധയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയ ദൂരീകരണത്തിന് വേണ്ട ഇന്ററാക്റ്റീവ് സെഷനുള്ള സൗകര്യങ്ങളും പ്രചരണ വാഹനത്തിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ആറ് ബ്ലോക്കുകളിലും ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ വാഹനം പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാന തല പ്രചരണ പരിപാടിയുടെ സമാപനം ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ നടത്തും. തെരുവ് നായ്ക്കള്‍ക്കുള്ള പേവിഷബാധക്കെതിരെയുള്ള കുത്തിവെയ്പ്പ് ജില്ലയില്‍ ആരംഭിച്ചത് ലോക റാബിസ് ദിനമായ സെപ്റ്റംബര്‍ 28ന് ബേഡഡുക്ക പഞ്ചായത്തിലായിരുന്നു. സമാപന പരിപാടിയില്‍ കാസര്‍കോട്് ജില്ലാ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗീത കൃഷ്ണന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്) ഡോ. പ്രശാന്ത്. പി. പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ. നിധിയ ജോയ് എന്നിവര്‍ പങ്കെടുക്കും.
പേ വിഷബാധ പ്രതിരോധം ഘട്ടം ഘട്ടമായ തെരുവ് നായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പ്, എ.ബി.സി പ്രോഗ്രാം, ഡോഗ് ഷെല്‍ട്ടറുകള്‍, ഡോഗ് അഡോപ്ഷന്‍ എന്നീ പരിപാടികളിലൂടെ മാത്രമേ പൂര്‍ണ്ണതയിലേക്ക് എത്തിക്കാന്‍ കഴിയൂ. ജില്ലയില്‍ 1.46 കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള എ.ബി.സി സെന്റര്‍ മൂളിയാര്‍ മൃഗാശുപത്രിയുടെ ക്യാമ്പസില്‍ ഫെബ്രുവരി 2025 ഓടെ പ്രവര്‍ത്തനമാരംഭിക്കാനുള്ള തയ്യാരെടുപ്പിലാണ്. ചിട്ടയായ ഈ പ്രവര്‍ത്തനങ്ങളിലൂടെ തെരുവ് നായ്ക്കളുടെ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും കൈവരിക്കുന്നത് സാധ്യമാകും. എന്‍.ജി.ഒ സംഘടനയായ മിഷന്‍ റേബീസ് കാസര്‍കോട് ജില്ലയില്‍ പേവിഷബാധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 25 ഓളം സ്‌കൂളുകളിലും രണ്ട് കോളേജുകളിലും വിവിധ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രചരണ വാഹനത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ബോധവല്‍ക്കരണ പ്രചരണം നടത്തി.
- Log in to post comments