നിക്ഷയ് ശിവിര്‍- 100 ദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ജനുവരി മൂന്നിന്
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നാളെ (ജനുവരി മൂന്ന്) രാവിലെ 9.30 മലപ്പുറം ടൗൺ ഹാളിൽ നടക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2025 ഓടെ ക്ഷയരോഗ നിവാരണം ഉറപ്പാക്കുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ ഡിസംബര്‍ ഏഴു മുതല്‍ മാര്‍ച്ച് 24 വരെ നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടികളാണ് ജില്ലയില്‍ നടക്കുന്നത്.
രോഗ സാധ്യത കൂടിയ ഗ്രൂപ്പിനെ കണ്ടെത്തി നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കുക, പോഷകാഹാരവും തുടര്‍ നിരീക്ഷണവും ഉറപ്പാക്കുക ,പുതിയ രോഗികള്‍ ഉണ്ടാകുന്നത് തടയുക, പ്രതിരോധ ചികിത്സ, രോഗപ്രതിരോധ ശീലങ്ങള്‍, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ, വിവേചനം ഒഴിവാക്കുന്നതിനുള്ള ബോധവല്‍ക്കരണം, പൊതു ഇടങ്ങള്‍ കേന്ദ്രീകരിച്ച് രോഗനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങിയവയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍. രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവ സൗജന്യമായിരിക്കും.
ജില്ലാതല ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് മൂന്നിന് രാവിലെ 8.30 ന് കളക്ടറേറ്റ് പരിസരത്തു നിന്നും കോളേജ് വിദ്യാര്‍ത്ഥികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സന്ദേശ റാലിയും, ക്ഷയരോഗ പ്രതിരോധ സന്ദേശം ഉള്‍ക്കൊള്ളുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങും നടക്കും. ആരോഗ്യപ്രവര്‍ത്തകരുടെയും കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികളും ടൗണ്‍ ഹാളില്‍ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ്, ഡി.എം.ഒ. ഡോ. ആര്‍.രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എം.അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സി.ഷുബിന്‍, ജില്ലാ ടി.ബി.ഓഫിസര്‍ ഡോ.അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബർ 07 മുതൽ ജില്ലയിൽ ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി 2025 - ഓടെ ക്ഷയരോഗ നിവാരണം ഉറപ്പാക്കുന്നതിന്, പൊതുജന പങ്കാളിത്തത്തോടെ നമ്മുടെ രാജ്യം 100 ദിന കർമ്മപരിപാടി നടത്തി വരുന്നു.
ചികിത്സകൊണ്ട് മാത്രമല്ല പ്രതിരോധം കൊണ്ടും ക്ഷയരോഗത്തെ പരാജയപ്പെടുത്താം.
അഞ്ചുവർഷം മുമ്പ് ക്ഷയരോഗ ചികിത്സ എടുത്തിട്ടുള്ളവർ, ക്ഷയരോഗ ബാധിതരുമായി അടുത്ത ഇടപഴകിയവർ, പുകവലിക്കുന്നവർ, പ്രമേഹ ബാധിതർ, 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ, പോഷകാഹാരം കുറവ് നേരിടുന്നവർ എന്നിവർക്ക് ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പനി വിറയൽ, ശരീരം ക്ഷീണിക്കുക ഭാരം കുറഞ്ഞു വരിക, രക്തം ചുമച്ചു തുപ്പുക വ്യക്തമായും കലർന്ന കഫം, വിശപ്പില്ലായ്മ എന്നിവയാണ് ക്ഷരോഗ ലക്ഷണങ്ങൾ.
ക്ഷയരോഗ ലക്ഷണങ്ങൾ ഉള്ളവർ രോഗനിർണയം നടത്തി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ക്ഷയരോഗത്തെ ഭയപ്പെടുകയല്ല തോൽപ്പിക്കുകയാണ് വേണ്ടത്.
ക്ഷയരോഗത്തിനെതിരെ ശക്തമായ ആയുധമാണ് പോഷകാഹാരം.
- Log in to post comments