ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: ഗ്രൂപ്പ് മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കം
കണ്ണൂരിലെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ ജനുവരി രണ്ട് വ്യാഴാഴ്ച മുതൽ ആരംഭിക്കും. വ്യക്തിഗത മത്സരങ്ങൾ ബുധനാഴ്ച സമാപിച്ചു.
28 സംസ്ഥാനങ്ങളിൽ നിന്നായി 168 ഗ്രൂപ്പുകളാണ് മത്സര രംഗത്തുള്ളത്. കേരളത്തിൽ നിന്ന് നാലുപേർ വീതമുള്ള ആറ് ഗ്രൂപ്പുകളാണുള്ളത്. ഇതിൽ രണ്ട് പുരുഷ ടീമുകളും ഒരു വനിത ടീമും അടങ്ങുന്ന മൂന്ന് ടീമുകളാണ് വ്യാഴാഴ്ച മത്സരിക്കുക. വ്യക്തിഗത മത്സരങ്ങളിൽ ഉയർന്ന റാങ്കുള്ള മത്സരാർഥികളെയാണ് ഗ്രൂപ്പ് തലങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ സമാപന ദിവസമായ ജനവരി മൂന്നിനും ഗ്രൂപ്പ് മത്സരങ്ങളാണ് നടക്കുക.
ബുധനാഴ്ച സീനിയർ വനിതാ വിഭാഗത്തിൽ ഫോയിൽ, സേബർ ഇനങ്ങളും സീനിയർ പുരുഷ വിഭാഗത്തിൽ എപ്പേ ഇനവുമാണ് നടന്നത്.
രാവിലെ ഒമ്പത് മണി മുതൽ ഏഴ് മണി വരെയാണ് മത്സര സമയം. സമാപന സമ്മേളനം ജനുവരി മൂന്നിന് വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
- Log in to post comments