അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നതും അഴിമതി: മന്ത്രി പി. രാജീവ്
പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്നു മന്ത്രി പി.രാജീവ്. കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയലുകളിൽ തീർപ്പു കൽപ്പിക്കുകയെന്നാൽ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തിൽ ലഭ്യമാക്കണം. അനാവശ്യമായി വൈകിപ്പിക്കരുത്. സാധ്യമല്ലാത്ത കാര്യങ്ങൾ എത്രയും വേഗം അപേക്ഷകനെ അറിയിക്കണം.
ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികൾ കുറയ്ക്കുകയാണു സർക്കാരിൻ്റെ ലക്ഷ്യം. അദാലത്തിൽ ഉയരുന്ന പൊതുപ്രശ്നങ്ങൾ സർക്കാർ സമഗ്രമായി പരിഗണിക്കും. ഇവയിൽ ചട്ടങ്ങളിലും നിയമങ്ങളിലും ഇളവു വേണ്ട കാര്യങ്ങൾ സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമപരമായ തടസങ്ങളില്ലാത്ത പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. തരം മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലളിതമായി പരിഹരിക്കാൻ സംവിധാന മുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, എ.എസ്. അനിൽ കുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് ചെയർമാൻ എം.ജെ. രാജു,
ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദ്നി ഗോപകുമാർ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്,
സബ് കളക്ടർ കെ.മീര, അസിസ്റ്റൻ്റ് കളക്ടർ അൻജീത് സിംഗ്, ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ. മനോജ്, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments