സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തിന് ആശ്വാസമായി അദാലത്ത്
പറവൂർ കെടാമംഗലം കളപ്പറമ്പ് വീട്ടിൽ ഒ വി സ്നേഹലതയുടെ വീടിന് ഒടുവിൽ നമ്പർ കിട്ടി. മന്ത്രി പി രാജീവിന്റെ നിർദ്ദേശപ്രകാരം പറവൂർ നഗരസഭയാണ് നടപടി എടുത്തത്.
സ്വാതന്ത്ര്യ സമരസേനാനിയായ കെ എ വാസുദേവന്റെ മകൾ സ്നേഹലത
2009 ലാണ് വീട് പണി തുടങ്ങുന്നത്. ആദ്യ രണ്ടു നില പണിയുന്നതിനുള്ള പെർമിറ്റ് അന്നു കിട്ടിയിരുന്നു. എന്നാൽ സാമ്പത്തിക പരാധീനത മൂലം മുകളിലെ നില പണിയാൻ സാധിച്ചില്ല. ആദ്യ നിലയ്ക്ക് പണിപൂർത്തീകരിച്ച ശേഷം നമ്പറും ഇട്ടു നൽകിയിരുന്നു. സ്നേഹലതയും കുടുംബവും അവിടെ താമസവും തുടങ്ങി. ഇതിനിടെ പഴയ പെർമിറ്റ് റദ്ദായി. പിന്നീട് പഴയ പെർമിറ്റ് അനുസരിച്ചു മുകളിലെ നില പണിതു. 2019 ൽ നില നിർമ്മാണം പൂർത്തീകരിച്ച് നമ്പർ ലഭിക്കുന്നതിന് നഗരസഭയിൽ അപേക്ഷ സമർപ്പിച്ചു. ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച ശേഷം മാസ്റ്റർ പ്ലാൻ പ്രകാരം മതിയായ സെറ്റ് ബാക്ക് ഇല്ലാത്തതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു.
അനുഭവപൂർവ്വം അപേക്ഷ പരിഗണിച്ചു നടപടിയെടുക്കാൻ പറവൂർ നഗരസഭയ്ക്കു മന്ത്രി നിർദേശം നൽകി.
പെർമിറ്റ് ഒരു തവണ പുതുക്കിയെങ്കിലും തുടർന്നു പുതുക്കുന്നതിൽ വന്ന വീഴ്ച മാപ്പാക്കി, അംഗീകരിച്ചു നൽകിയ പ്ലാൻ അനുസരിച്ച് നിർമ്മാണം പൂർത്തീകരിച്ച വീടിന് നമ്പറിട്ട് നൽകാനും മന്ത്രി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു വീടിന് നമ്പർ നൽകിയത്.
അതിവേഗത്തിൽ നടപടികൾ പൂർത്തിയാക്കിയ പറവൂർ നഗരസഭയിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബങ്ങളുടെ അപേക്ഷകൾ കരുതലോടെ പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
- Log in to post comments