കരുതലും കൈത്താങ്ങുമേകി അദാലത്ത്: ചേർത്തല താലൂക്ക് അദാലത്തിൽ 483 പരാതികളിൽ പരിഹാരം - മൊത്തം ലഭിച്ച പരാതികൾ 669 -പരിഗണനാ൪ഹമായത് 546 - തീർപ്പാക്കിയത് 483 -സത്വര തുടർ നടപടികൾക്ക് ഉത്തരവിട്ടത് 63 - അദാലത്ത് ദിവസം ലഭിച്ചത് 396
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും ചേർത്തല താലൂക്ക് തല അദാലത്തിൽ 483 പരാതികൾക്കു തീർപ്പ്.
മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും പരാതികൾ കേട്ട് പരിഹാരം നിർദേശിച്ചു.
താലൂക്ക് അദാലത്തിൽ ആകെ 546 പരാതികളാണ് പരിഗണനാ൪ഹ
മായി ഉണ്ടായിരുന്നത്. മറ്റ് 63 അപേക്ഷകളിൽ സത്വര തുടർനടപടികൾക്ക് മന്ത്രിമാർ നിർദ്ദേശിച്ച് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. അദാലത്ത് ദിവസം കൗണ്ടറിലൂടെ 396 പരാതികൾ കൂടി ലഭിച്ചു.
താൻ ഇതുവരെ പങ്കെടുത്ത അദാലത്തുകളിൽ ഏറ്റവും അധികം പരാതികൾ ലഭിച്ചതും ഏറ്റവും അധികം പരാതികൾ പരിഹരിച്ചതും ഈ അദാലത്തിൽ ആണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. പുതുതായി ലഭിച്ച 396 അപേക്ഷകളിൽ ഒരാഴ്ചക്കകം മറുപടി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദാലത്ത് വലിയ വിജയമാക്കിയ ഉദ്യോഗസ്ഥർക്ക് നന്ദി പറയുന്നതായും സമാപന ചടങ്ങിൽ മന്ത്രി പറഞ്ഞു.
പോക്കുവരവ് , റോഡ് നിർമ്മാണം, മുൻഗണന കാർഡ് നൽകൽ, ഭൂമി സർവെ , റീ സർവെ, ചികിൽസസഹായം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് കൂടുതൽ അപേക്ഷകൾ വന്നത്. അദാലത്തിലേക്ക് നേരത്തേ പരാതി നൽകിയവരെയെല്ലാം മന്ത്രിമാർ നേരിൽക്കണ്ടു.
എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജി മോഹനൻ, വി ആർ രജിത, ഗീതാ ഷാജി, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനിമോൾ സാംസൺ, എ.ഡി.എം ആശാ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി, തഹസീൽദാർ കെ. ആർ മനോജ്,
എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കി. രാവിലെ 9.30ന് ആരംഭിച്ച അദാലത്ത് രാത്രി 7.30 ന് അവസാനിച്ചു.
- Log in to post comments