Skip to main content

ഇത്രയും ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സര്‍ക്കാര്‍ രാജ്യത്ത് വേറെയില്ല: മന്ത്രി സജി ചെറിയാൻ * അമ്പലപ്പുഴ താലൂക്ക് അദാലത്തിൽ നേരത്തെ ലഭിച്ചത് 390 കേസുകൾ

കഴിഞ്ഞ നാല് വർഷം കൊണ്ട് ഇത്രയേറെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച  സംസ്ഥാനസര്‍ക്കാര്‍ രാജ്യത്ത് വേറെ ഉണ്ടാവില്ലെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അമ്പലപ്പുഴ താലൂക്ക്  കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുൻകൂറായി അദാലത്തിലേക്ക് ലഭിച്ചത് 390 അപേക്ഷകളാണ്. ഇന്ന് ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കും.
മന്ത്രിമാരുടെ നേതൃത്വത്തില്‍ മുമ്പ് താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച അദാലത്തുകൾ വലിയ വിജയമായിരുന്നു. അ തിനുശേഷം നടത്തിയ വനസദസ്സ്, തീരസദസ്സ്, നവകേരള സദസ്സ്, റവന്യൂ, തദ്ദേശ അദാലത്തുകൾ എന്നിവ വഴി ലക്ഷക്കണക്കിന് പേരുടെ പ്രശ്നങ്ങൾക്കാണ് പരിഹാരമായത്. പരാതികൾ കുറഞ്ഞു വരുന്നത് സർക്കാർ നടത്തിയ ഇത്തരം  ജനകീയ ഇടപെടലുകളിൽ ജനങ്ങൾക്ക് ആശ്വാസം ലഭിച്ചതിന്റെ സൂചനയാണ്. നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി പരിഹരിക്കേണ്ട പ്രശ്നങ്ങളും അദാലത്തുകളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവക്ക് കൂടി പരിഹാരമുണ്ടാകാൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.

എച്ച് സലാം എം എൽ എ അധ്യക്ഷത വഹിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,
ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ  കെകെ. ജയമ്മ തുടങ്ങിയവർ സംസാരിച്ചു. 
എഡിഎം ആശ സി എബ്രഹാം,  സബ് കളക്ടർ സമീർ കിഷൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ജി സൈറസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ എസ് സുദർശനൻ,  എൽ.ആർ.ഡെപ്യൂട്ടി കളക്ടർ ജോളി ജോസഫ്, അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ , തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് ആരംഭിച്ചു. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

date