അമ്പലപ്പുഴ അദാലത്ത് തുണച്ചു; 10 കുടുംബങ്ങൾക്ക് റേഷൻ കാർഡ്
മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അമ്പലപ്പുഴ താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ 10 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ അനുവദിച്ചു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ കുടുംബങ്ങൾക്ക് അനുവദിച്ച കാർഡുകളുടെ വിതരണവും നടത്തി.
അഞ്ച് അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകളും അഞ്ച് മുൻഗണനാ (പ്രയോറിറ്റി ഹൗസ്ഹോൾഡ് -പി എച്ച് എച്ച്) റേഷൻ കാർഡുകളുമാണ് അദാലത്തിൽ അനുവദിച്ചത്.
എ എ വൈ റേഷൻ കാർഡ് ലഭിച്ച മാളികമുക്ക് സ്വദേശി 72 വയസ്സുള്ള വി എൽ ഗ്രേസിയും പുന്നപ്ര സ്വദേശി 71 വയസ്സുള്ള വി രാധയും സന്തോഷത്തോടെയാണ് അദാലത്തിൽ നിന്നു മടങ്ങിയത്. രണ്ടു പേരും തനിച്ചാണ് ജീവിക്കുന്നത്. അദാലത്തിൽ വളരെ പ്രതീക്ഷയോടെയാണ് എ എ വൈ കാർഡുകൾക്ക് അപേക്ഷ നൽകിയത്. ഒട്ടും കാലതാമസമില്ലാതെ തങ്ങൾ ആഗ്രഹിച്ച കാർഡുകൾ ഇരുവർക്കും സ്വന്തമായി.
"എന്റെ അച്ഛനും അമ്മയും വർഷങ്ങൾക്ക് മുമ്പേ മരിച്ചു. ഞാൻ കയർ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. എന്നാൽ ഇപ്പോൾ പ്രായാധിക്യം മൂലം ജോലി ചെയ്യാൻ പ്രയാസമാണ്. എ എ വൈ കാർഡ് എനിക്ക് ഈ സമയത്ത് കിട്ടിയത് വളരെ ആശ്വാസമായി," ഗ്രേസി പറഞ്ഞു.
രാധയും ഏക മകളുടെ വിവാഹശേഷം തനിച്ചാണ് ജീവിതം. പ്രായത്തിൻ്റെ അവശതകൾ കാരണം ജോലി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. "എനിക്ക് അദാലത്ത് ഒരു അനുഗ്രഹമായി . ഓഫീസ് കയറി ഇറങ്ങാതെ ഉടനെ കാർഡ് ലഭിച്ചു. നന്ദി," രാധ പറഞ്ഞു.
എഎവൈ റേഷൻ കാർഡ് അനുവദിച്ച് കിട്ടിയവർ: വി രാധ, വി എൽ ഗ്രേസി, സുജാത, പ്രീതി.
പി എച്ച് എച്ച് റേഷൻ കാർഡ് അനുവദിച്ച് കിട്ടിയവർ: കുശല കുമാരി, ഹരിലാൽ, കെ രാജേന്ദ്രൻ, സീതാമണി, വി ഡി ശ്രീനിവാസൻ.
- Log in to post comments