Skip to main content

മന്ത്രിയുടെ ഇടപെടൽ: ഭിന്നശേഷിക്കാരനായ വിനോദിന്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോഫീ വെൻഡിങ് മെഷീൻ നടത്താം

നൂറ് ശതമാനം അന്ധതയുൾപ്പെടെയുള്ള  ഭിന്നശേഷിക്കാരനാണ് 56 വയസുള്ള പുന്നപ്ര അറവുകാട് സ്വദേശി വിനോദ് കുമാർ. ഏകദേശം  രണ്ടു വർഷമായി തന്റെ കുടുംബം പോറ്റാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കോഫീ വെൻഡിങ് മെഷീൻ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി കയറി ഇറങ്ങുന്നു. എന്നാൽ ഫിഷറീസ് സാംസ്കാരിക വകുപ്പ്  മന്ത്രി സജി ചെറിയാൻ കരുതലും കൈത്താങ്ങും അദാലത്തിൽ വിനോദ് കുമാറിൻ്റെ അപേക്ഷ പരിഗണിക്കുകയും ആശുപത്രി കോമ്പൗണ്ടിൽ വിനോദിന്  കോഫീ വെൻഡിങ് മെഷീൻ  സ്ഥാപിക്കുന്നതിന് ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി ഉത്തരവാകുകയും ചെയ്തു.

 വിനോദ്  വൃക്കരോഗം കാരണം ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യുന്നുമുണ്ട്. ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകനും രോഗിയായ അമ്മയും ഉൾപ്പെടുന്നതാണ് കുടുംബം.

വണ്ടാനത്ത് ദേശീയ പാതക്ക് സമീപം ഒരു ചായക്കട നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. റോഡുവികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ കച്ചവടം നടത്തിയ വാടക മുറി നഷ്ടമായി. 1600 രൂപ ക്ഷേമ പെൻഷൻ മാത്രമാണ് ഇപ്പോൾ ആകെയുള്ള ആശ്രയം.

"നിത്യജീവിതം അങ്ങേയറ്റം ബുദ്ധിമുട്ടിലായിരുന്നു. പലപ്പോഴും കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാൻ വരെ ആലോചിച്ചിട്ടുണ്ട്. അവസാനത്തെ കച്ചിതുരുമ്പായിരുന്ന് കരുതലും കൈതാങ്ങും അദാലത്ത്. മന്ത്രി നൽകിയ ഉത്തരവ് ഞങ്ങളുടെ ജീവിതത്തിന് മുന്നിൽ തെളിഞ്ഞ ഒരു പുതിയ വെളിച്ചമാണ്. ഇതിലൂടെ കിട്ടുന്ന വരുമാനം ഞങ്ങൾക്ക് വലിയൊരുശ്വാസമാകും, " വിനോദിന്റെ  ഭാര്യ രമ പറഞ്ഞു.

date