മഴക്കെടുതി: നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും
ജൂലൈ 29, 30, 31 തിയതികളിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിലേറക്കാലം ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് 5000 രൂപ വീതം നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃശൂർ 5486, തലപ്പിള്ളി 946, കുന്നംകുളം 741, ചാവക്കാട് 940, മുകുന്ദപുരം 3177, കൊടുങ്ങല്ലൂർ 145, ചാലക്കുടി 622 എന്നിങ്ങനെ ഏഴു താലൂക്കുകളിലായി
12,057 കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക.
75 ശതമാനത്തിലധികം നാശനഷ്ടം സംഭവിച്ച 167 വീടുകൾ ഉൾപ്പെടെ 1692 വീടുകൾക്ക്
10,000 മുതൽ നാലു ലക്ഷം രൂപ വരെ അഞ്ചു വിഭാഗങ്ങളിലായി ധനസഹായം വിതരണം ചെയ്യും. ഇതു സംബന്ധിച്ച തുകയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മഴക്കെടുതി മൂലം ജില്ലയിൽ 37,69,000 രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്ന് കണക്കാക്കിയിരുന്നു. ഇതിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള വിഹിതം ഉടൻ അനുവദിക്കും. മത്സ്യകൃഷിയിൽ നാശം സംഭവിച്ച കർഷകർക്കും കന്നുകാലികൾ നഷ്ടപ്പെട്ട ക്ഷീര കർഷകർക്കുമുള്ള നഷ്ടപരിഹാരവും അവരുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും പങ്കെടുത്തു.
- Log in to post comments