40 വർഷത്തെ കാത്തിരിപ്പിനു വിരാമം, ഓമനയ്ക്ക് ഇനി സ്വന്തം പേരിൽ കരമടയ്ക്കാം
40 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചതിൻ്റെ ആശ്വാസമായിരുന്നു പോക്കുവരവ് സർട്ടിഫിക്കറ്റ് മന്ത്രി റോഷി അഗസ്റ്റിനിൽ നിന്ന് ഏറ്റുവാങ്ങുമ്പോൾ ഓമന വർക്കിയുടെ മുഖത്ത്.
1985 ലാണ് വടക്കൻ മാറാടി കളത്തിങ്കൽ പുത്തൻപുരയിൽ മൈയ്ദീൻ ഷായുടെ പക്കൽ നിന്നും രണ്ട് സെൻറ് സ്ഥലം സൗത്ത് മാറാടി പാലത്തിങ്കൽ വീട്ടിൽ ഓമന വാങ്ങുന്നത്. 2015 വരെ ഈ സ്ഥലത്തിന് ഓമനയും ഭർത്താവ് വർക്കിയും കരമടച്ചിരുന്നു.
അതിനുശേഷം മുൻകൈവശക്കാരന്റെ പേരിലാണ് കരം തീർത്തു കൊടുത്തിട്ടുള്ളത്. ഈ വസ്തു തന്റെ പേരിലേക്ക് പോക്കുവരവ് ചെയ്തു കിട്ടാനുള്ള അപേക്ഷയുമായാണ് ഓമനയും ഭർത്താവും അദാലത്തിന് എത്തിയത്.
ഓമനയുടെ ഭർത്താവ് വർക്കി പോലീസ് ഡിപ്പാർട്ട്മെൻറിൽ നിന്നും ഹെഡ് കോൺസ്റ്റബിൾ ആയി വിരമിച്ച ആളാണ്. 78 വയസ്സുള്ള താനും 86 വയസ്സുള്ള ഭർത്താവും മാത്രമാണു താമസിക്കുന്നതെന്ന ഓമന പറഞ്ഞു. മക്കൾ രണ്ടു പേരും വിദേശത്താണ്. പരസഹായമില്ലാതെ തങ്ങൾക്കു രണ്ടു പേർക്കും യാത്ര ചെയ്യാനാകില്ലെന്നും ഇരുവരും പറഞ്ഞു.
മുൻ ഉടമയുടെ പേരിലാണ് ഇവർ കരമടച്ചിരുന്നത്. 2015 ൽ ഓൺലൈൻ സംവിധാനം വന്നപ്പോഴാണ് പോക്കു വരവ് മുൻ ഉടമയുടെ പേരിൽ നിലനിൽക്കുന്നു എന്നറിഞ്ഞത്.
വസ്തുവിന്റെ ആധാരം, മുന്നാധാരം എന്നിവയും കരം ഒടുക്കിയ രസീത്, നാളിതുവരെയുള്ള ബാദ്ധ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ പകർപ്പുകൾ സഹിതം സമർപ്പിച്ചാൽ
പരിശോധിച്ചു വസ്തു നിയമാനുസൃതമായി പോക്കുവരവ് ചെയ്യുന്നതാണെന്നു മാറാടി വില്ലേജ് ഓഫീസർ അറിയിച്ചു.
തുടർന്നു രേഖകൾ ഹാജരാക്കിയ ഓമനയ്ക്ക് പോക്കുവരവ് സർട്ടിഫിക്കറ്റ് മന്ത്രി കൈമാറി.
- Log in to post comments