Skip to main content

കലോത്സവ വേദികളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്: മന്ത്രി വീണാ ജോർജ്

കലോത്സവ വേദികളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന വേദികളിൽ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാകും. കൂടാതെ 25 വേദികളിലും ഫസ്റ്റ് എയ്ഡ് ടീം പ്രവർത്തിക്കുന്നുണ്ട്. അനാവശ്യമായ പ്രചരണം നടത്തരുത്. സ്‌കൂൾ കലോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടക്കും. ആരോഗ്യ വകുപ്പിന് വിപുലമായ സംവിധാനങ്ങളുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കലോത്സവങ്ങളിൽ പങ്കെടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ ഏകോപനത്തിൽ എല്ലാ വേദികളിലും നല്ല നിലയിൽ തന്നെ മെഡിക്കൽ ടീം പ്രവർത്തിച്ചു വരുന്നു. ആവശ്യമെങ്കിൽ കൂടുതൽ ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂം സജ്ജമാണ്. അടിയന്തര ഘട്ടത്തിൽ 9072055900 എന്ന നമ്പരിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം ജനറൽ ആശുപത്രി, ഫോർട്ട് ആശുപത്രി, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതം പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കൽ കോളേജിലും ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കൂടാതെ ആയുഷ് വകുപ്പിന്റേയും മെഡിക്കൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയായ ഗവ. വിമൻസ് കോളേജിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിന്റേയും ആയുഷ് വകുപ്പിന്റേയും മെഡിക്കൽ ടീമിനെ മന്ത്രി സന്ദർശിച്ചു.

പി.എൻ.എക്സ്. 13/KSK

date